റിസർച്ച് സ്കോർ കൂടിയതുകൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെടണമെന്നില്ല'; വിശദീകരണവുമായി കണ്ണൂർ സർവകലാശാല


'റിസർച്ച് സ്കോർ കൂടിയതുകൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെടണമെന്നില്ല'; വിശദീകരണവുമായി കണ്ണൂർ സർവകലാശാല


കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. ഫാക്കൽറ്റി ഡെവലപ്‌മെന്‍റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാകാം എന്നാണ് കണ്ണൂർ സർവകലാശാലയുടെ വിശദീകരണം. ഇത് സംബന്ധിച്ച് സ്റ്റാൻഡിംഗ് കൗൺസിൽ, അഡ്വക്കേറ്റ് ജനറൽ എന്നിവരിൽ   നിന്ന്  നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും സർവകലാശാല വിശദീകരിക്കുന്നു. റിസർച്ച്  സ്കോർ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാർത്ഥി  തെരഞ്ഞെടുക്കപ്പെടണമെന്നില്ല. പ്രിയ വർഗീസിനെക്കാൾ റിസർച്ച് സ്കോർ  കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല വിശദീകരണ കുറിപ്പില്‍ പറയുന്നു.

അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത് എന്ന് തെളിയിക്കുന്ന നിർണ്ണായക രേഖ ഇന്നലെ പുറത്ത് വന്നിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോൾ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോൾ 645. ഇൻറർവ്യുവിൽ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. 


കണ്ണൂർ സർവകലാശാലയുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ

കണ്ണൂർ സർവകലാശാല മലയാളം പഠന വകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസർ അടക്കമുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് 22.09.2021 ലാണ് അപേക്ഷ  ക്ഷണിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് ഡോ.പ്രിയ വർഗീസിന്റേതടക്കം 12 അപേക്ഷകൾ ലഭിച്ചു. യു.ജി.സി നിയമ പ്രകാരം രൂപീകരിച്ച സ്ക്രീനിംഗ് കമ്മിറ്റി, ലഭിച്ച അപേക്ഷകൾ പരിശോധിക്കുകയും പ്രിയ വർഗീസ് അടക്കം 6 അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ഉണ്ടായി. 

യു.ജി.സി ചട്ടങ്ങൾ പ്രകാരം വൈസ്-ചാൻസലറുടെ അദ്ധ്യക്ഷതയിൽ, ചാൻസലർ നോമിനി, മൂന്ന് വിഷയ വിദഗ്ദർ (മലയാളം), ഡീൻ (ലാംഗ്വേജ്), പഠന വകുപ്പ് മേധാവി, എസ് .സി./ എസ് .ടി വിഭാഗം പ്രധിനിധി എന്നിവരടങ്ങിയ ഒരു സെലക്ഷൻ കമ്മിറ്റി ഷോർട്ട്‌ ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുമായി 18-11-2021 ന് ഓൺലൈൻ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി. ഡോ.പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സർവകലാശാല സ്റ്റാൻഡിംഗ് കൗൺസലിന്റെ അഭിപ്രായം തേടുകയുണ്ടായി. ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് സ്റ്റാൻഡിംഗ് കൗൺസിൽ നൽകിയ നിയമോപദേശം. 

ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി 18-02-2022ന് വൈസ് ചാൻസലർ യു.ജി.സി ചെയർമാന് കത്തയക്കുകയുണ്ടായി. ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്  (എഫ്.ഡി.പി) സംസ്ഥാന സർക്കാർ അനുവദിച്ച ഡെപ്യൂട്ടേഷനിൽ പി.എച്ച്.ഡി ഗവേഷണം നടത്തുന്ന ഒരു ഉദ്യോഗാർത്ഥിയുടെ ഗവേഷണ കാലഘട്ടം  അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാക്കാമോ എന്നതായിരുന്നു  ചോദിച്ച  വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ല.

ഈ സാഹചര്യത്തിൽ 21-04-2022ന് വൈസ്-ചാൻസലർ  അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച നിയമാഭിപ്രായം തേടുകയുണ്ടായി. ബഹു.അഡ്വക്കേറ്റ് ജനറൽ, സർവകലാശാല സ്റ്റാന്റിംഗ് കൌൺസിൽ നൽകിയ അഭിപ്രായത്തോട് യോജിക്കുകയാണ് ഉണ്ടായത്. 

മേല്പറഞ്ഞ രണ്ട് നിയമോപദേശങ്ങളും സ്കോർ ഷീറ്റ് അടക്കമുള്ള റാങ്ക് ലിസ്റ്റും 27-06-2022ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കുകയും, സിണ്ടിക്കേറ്റ് പ്രസ്തുത റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ലഭിച്ച ഡോ.പിയ വര്ഗീസിന്റെ അസ്സൽ പ്രമാണങ്ങളുടെ പരിശോധന പൂർത്തിയാക്കി. ഡോ. പ്രിയ വർഗീസിന്റെ പബ്ലിക്കേഷനുകളുടെ  Similarity Index പരിശോധന നടന്നുവരികയാണ്. 

സർവകലാശാല വൈസ് ചാൻസലർ എന്ന നിലയിലും, തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലും യോഗ്യതയുള്ള വ്യക്തികൾ മാത്രമേ സർവകലാശാലയിൽ നിയമിതരാവുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യു.ജി.സി.നിയമത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികക്ക് അപേക്ഷിക്കാൻ, മറ്റു യോഗ്യതകൾക്കൊപ്പം, 75 റിസർച്ച് സ്കോർ മതി. അധ്യാപക തസ്തികകളിലേക്ക് സർവകലാശാല തയ്യാറാക്കിയ ഓൺലൈൻ അപേക്ഷയിൽ അപേക്ഷാർത്ഥി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പബ്ലിക്കേഷനുകളുടെ എണ്ണത്തിന് അടിസ്ഥാനമാക്കിയാണ് സോഫ്റ്റ്‌വെയർ സ്ക്കോർ കണക്കാക്കുന്നത്. സ്കോർ കൂടിയതുകൊണ്ട് മാത്രം അവർ തെരഞ്ഞെടുക്കപ്പെടണമെന്നില്ല. അതിനാൽ തന്നെ സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ല. മറ്റു സർവകലാശാലകളിൽ നടന്നിട്ടുള്ള നിയമനങ്ങളും ഇങ്ങനെയുള്ള ഒരു വിലയിരുത്തലിന് വിധേയമാക്കിയാൽ ഇക്കാര്യം വ്യക്തമാവും. 

അഭിമുഖത്തിൽ അപേക്ഷാർത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും  സമിതിയിലെ വിഷയ വിദഗ്ധരാൽ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം,  പ്രധാന വിഷയത്തിലും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ്  എന്നിവ തിരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തർക്കും മാർക്ക് നൽകുന്നത്. മറ്റെല്ലാ തെരഞ്ഞെടുപ്പ്സമിതികളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്രം വിഷയ വിദഗ്ദർക്കാണ്. എങ്കിലും തുടന്നുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിയമന നടപടികൾ സുതാര്യവും നിയമപരവുമായാണ് നടക്കുന്നത് എന്നുറപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സർവകലാശാല സ്വീകരിച്ചിട്ടുണ്ട്.