ഇരിട്ടിയിൽ കൂൾബാറിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ഇരിട്ടി: കീഴൂരിൽ ജ്യൂസ് അടിക്കാൻ വേണ്ടി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇരിട്ടി കീഴൂരിലെ ത്രീസ്റ്റാർ ഫ്രൂട്ട്സ് സ്റ്റേഷനറി ആൻഡ് കൂൾ ബാർ എന്ന സ്ഥാപനത്തിലെ ഫ്രീസറിൽ നിന്നുo ജ്യൂസ് അടിക്കാനായി സൂക്ഷിച്ച പഴകിയ ഇളനീർ, അനാർ, മുന്തിരി തുടങ്ങിയവ കണ്ടെടുത്ത് നശിപ്പിച്ചത്. ഇവിടെനിന്നും നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. മഞ്ഞപ്പിത്തം ഉൾപ്പെടെ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയാണ് ആരോഗ്യ വിഭാഗം കാണുന്നത്. ഹോട്ടലുകളിലും കൂൾബാറുകളിലും വെള്ളം പരിശോധിച്ച റിപ്പോർട്ടും ഹെൽത്ത് കാർഡ് ഉൾപ്പെടെ ലഭിച്ച സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ആളുകൾ എന്തെങ്കിലും കഴിക്കാവൂ എന്നും ഇത് ഉണ്ടോ എന്ന് ചോദിച്ച് ഉറപ്പു വരുത്താനുള്ള അവകാശം ഉപഭോക്താക്കൾക്ക് ഉണ്ട് എന്നും ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ വി രാജീവ് പറഞ്ഞു. കട ഉടമയ്ക്കെതിരെ 3000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന കർശനമാക്കുമെന്ന് ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.