ജൂനിയേഴ്സ് മുണ്ടുടുത്തത് സീനിയേഴ്സിന് ഇഷ്ടപ്പെട്ടില്ല; നിലമ്പൂരില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്

ജൂനിയേഴ്സ് മുണ്ടുടുത്തത് സീനിയേഴ്സിന് ഇഷ്ടപ്പെട്ടില്ല; നിലമ്പൂരില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല് 


നിലമ്പൂർ: നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണാഘോഷം കൂട്ടത്തല്ലില്‍ അവസാനിച്ചു.  സ്കൂളിലെ ഓണാഘോഷം കഴിഞ്ഞു മടങ്ങവെയാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ പൊതുനിരത്തില്‍ തമ്മിൽ തല്ലിയത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അടിപിടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. പുതുതായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ടുടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സീനിയര്‍ വിദ്യാര്‍ഥികളുടെ ഭീഷണി മറികടന്ന് ചില വിദ്യാര്‍ഥികള്‍ മുണ്ടുടുത്തെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. 

പ്ലസ് ടു വിദ്യാര്‍ഥികള്‍ ആക്രമിച്ചേക്കാമെന്ന സൂചനയെത്തുടർന്ന് വൈകിട്ട് 3.30ന് പ്ലസ് വൺ വിദ്യാർഥികളുടെ ക്ലാസ് വിട്ടു. അധ്യാപകരും പിടിഎ പ്രതിനിധികളും ഇവരെ ജനതപ്പടി ബസ് സ്റ്റാൻഡ് വരെ ഇവരെ എത്തിച്ചു. പ്രശ്നമില്ലെന്ന് കണ്ടതിനെ തുടർന്ന് ഇവർ മടങ്ങിയതിന് പിന്നാലെ പ്ലസ് ടു വിദ്യാർഥികൾ എത്തി മര്‍ദ്ദിച്ചു. പ്ലസ് വൺ വിദ്യാർഥികളെ വഴിയിലൂടെ ഓടിച്ചിട്ട് തല്ലിയെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.