വന്ധ്യതാചികിത്സയ്ക്കിടെ സ്ത്രീ മരിച്ചു; ഡോക്ടര്‍ വ്യാജനെന്ന് കണ്ടെത്തി

വന്ധ്യതാചികിത്സയ്ക്കിടെ സ്ത്രീ മരിച്ചു; ഡോക്ടര്‍ വ്യാജനെന്ന് കണ്ടെത്തി


വ്യാജ ഡോക്ടര്‍മാരുടെകെണിയില്‍ പെട്ട് ജീവൻ നഷ്ടമായിട്ടുള്ളവര്‍ ഏറെയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ എത്ര ആവര്‍ത്തിക്കപ്പെട്ടാലും പൂര്‍ണമായും ഈ പ്രവണത സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്നില്ലെന്നതാണ് സത്യം. വലിയൊരു പരിധി വരെ ഇതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തന്നെയാണുള്ളത്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ വ്യാജ ഡോക്ടറുടെ ചികിത്സയില്‍ പെട്ട് ഒരു സ്ത്രീ കൂടി മരണമടഞ്ഞിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. 

വന്ധ്യതാ ചികിത്സയ്ക്കിടെയാണ് സ്ത്രീ ദാരുണമായി മരിച്ചത്. ഇൻ-വിട്രോ ഫെര്‍ട്ടിലൈസേഷൻ രീതിയിലൂടെ ഗര്‍ഭധാരണം നടത്തിത്തരാമെന്നായിരുന്നു വ്യാജ ഡോക്ടറുടെ വാഗ്ദാനം. ഇതിനായി ഗ്രേറ്റര്‍നോയിഡയിലെ ആശുപത്രിയിലെത്തിയതായിരുന്നു സ്ത്രീ. 

സ്ത്രീ ശരീരത്തില്‍ നിന്ന് അണ്ഡം പുറത്തെടുത്ത് കൃത്രിമമാര്‍ഗത്തില്‍ പുരുഷബീജവുമായി സംയോജിപ്പിച്ച് അത് സിക്താണ്ഡമായി ( ഭ്രൂണത്തിന്‍റെ ആദ്യഘട്ടം) മാറുമ്പോള്‍ അമ്മയുടെ ഗര്‍ഭാശയത്തില്‍ തിരികെ നിക്ഷേപിക്കുകയാണ് ഈ ചികത്സാരീതിയില്‍ ചെയ്യുന്നത്. 

പ്രിയരഞ്ജൻ താക്കൂര്‍ എന്ന വ്യാജഡോക്ടര്‍ ആണ് സംഭവത്തില്‍ പിടിയിലായിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ എംബിബിഎസ് ഡിഗ്രി പോലും വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

ഗസിയാബാദ് സ്വദേശിയായ സ്ത്രീ രണ്ട് മാസത്തോളമായി പ്രിയരഞ്ജന്‍റെ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം ഐവിഎഫ് ചികിത്സയ്ക്കിടെ ആഗസ്റ്റ് 19നാണ് ഇവരുടെ ആരോഗ്യനില വഷളായത്. എന്നാല്‍ അടിയന്തരമായി ഇവര്‍ക്ക് ലഭിക്കേണ്ട മെഡിക്കല്‍ സപ്പോര്‍ട്ട് സമയത്തിന് ലഭിച്ചില്ല. ഇതോടെ ഇവര്‍ കോമയിലേക്ക് പോവുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

വിവരം പുറത്തറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് നാല്‍പതുകാരനായ ഡോക്ടര്‍ വ്യാജനാണെന്ന കാര്യം വ്യക്തമായത്. ഇത്തരത്തിലുള്ള വ്യാജഡോക്ടര്മാരുടെ വലയില്‍ പെട്ട് ഇനിയും ജീവനുകള്‍ പൊലിയാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം.