വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്‌നം, ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ: കെ സുധാകരന്‍

വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്‌നം, ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ: കെ സുധാകരന്‍


കോണ്‍ഗ്രസില്‍ ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. തിരുത്തലിന് ശ്രമിച്ചവരുമായി നല്ല ബന്ധം വേണമായിരുന്നുവെന്നും ഇക്കാര്യം ഗാന്ധി കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്‍ മനസ്സുതുറന്നത്.

‘വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്നം. എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ. അശോക് ഗെലോട്ടിനെ പ്രസിഡന്റാക്കാനാണ് ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത്.

ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും വോട്ട് പിടിക്കാന്‍ കെ പി സി സി ഇറങ്ങില്ല. മത്സരമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും.’- സുധാകരന്‍ പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രീപെരുംപുത്തൂരിലെത്തി. വൈകിട്ട് മൂന്നിന് അദ്ദേഹം തിരുവള്ളൂര്‍ സ്മാരകവും പിന്നീട് വിവേകാനന്ദ സ്മാരകവും കാമരാജ് സ്മാരകവും സന്ദര്‍ശിക്കും.