വിദ്യാര്‍ത്ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തി; സിഗ്മ ബസ് കസ്റ്റഡിയില്‍, 10,000 രൂപ പിഴയിട്ട് ആര്‍.ടി.ഒ

വിദ്യാര്‍ത്ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തി; സിഗ്മ ബസ് കസ്റ്റഡിയില്‍, 10,000 രൂപ പിഴയിട്ട് ആര്‍.ടി.ഒ


കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന പരാതിയില്‍ തലശേരി ആര്‍.ടി.ഒയുടെ നടപടി. ആക്ഷേപം നേരിട്ട സിഗ്മ ബസിന് ആര്‍.ടി.ഒ 10,000 രൂപ പിഴയും ചുമത്തി. ബസ് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് ബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മഴയുള്ള സമയത്ത് ബസില്‍ കയറാന്‍ അനുവദിക്കാതെ പുറത്തുനിര്‍ത്തിയത്. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. ബസിലെ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കാനും നടപടി സ്വീകരിച്ചിരുന്നു.

മഴയത്ത് വിദ്യാര്‍ത്ഥികള്‍ തലശേരി സ്റ്റാന്‍ഡില്‍ ബസിന്റെ വാതിലിനു മുന്നില്‍ നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.