ഷാഫി കൊടുംക്രിമിനൽ, 75കാരിയെ പീഡിപ്പിച്ചു,മദ്യപാനം മാറ്റാൻ പൂജക്കായാണ് ഷാഫി വന്നതെന്ന് പീഡനത്തിലെ കൂട്ടുപ്രതി

ഷാഫി കൊടുംക്രിമിനൽ, 75കാരിയെ പീഡിപ്പിച്ചു,മദ്യപാനം മാറ്റാൻ പൂജക്കായാണ് ഷാഫി വന്നതെന്ന് പീഡനത്തിലെ കൂട്ടുപ്രതി


കൊച്ചി : നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായതോടെ ഷാഫി പ്രതിയായ കോലഞ്ചേരി പീഡനത്തിലും നടന്നത് ആഭിചാരമാണോ എന്ന സംശയം ബലപ്പെടുന്നു. മകൻ്റെ അമിത മദ്യപാനം മാറ്റാൻ ജോത്സ്യൻ പരിചയപ്പെടുത്തിയാണ് ഷാഫി വന്നതെന്ന് പീഡനത്തിലെ കൂട്ടുപ്രതി ഓമന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2020 ഓഗസ്റ്റ് രണ്ടിന് ഓമനയുടെ വീട്ടിൽ വച്ച് 75കാരിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവേൽപിച്ചിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

2020 ഏപ്രിൽ നാലിന് പെരുമ്പാവൂരിൽ നിന്നും പീഡനകേസ് പ്രതിയായ ഷാഫിയെ പൊലീസ് സംഘം തൂക്കിയെടുത്ത് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു .എഴുപത്തിയഞ്ച് വയസുള്ള കോലഞ്ചേരി പാങ്കോട് സ്വദേശിയായ വൃദ്ധയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.വനിതാ സുഹൃത്തായ ഓമനയുടെ വീട്ടിലായിരുന്ന പീഡനം നടന്നത്.ലൈംഗിക പീഡനത്തിന് ശേഷം വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം കത്തിക്കൊണ്ട് മുറിവേൽപ്പിച്ചു.അന്ന് ഓമനയും മകനും വീട്ടിലുണ്ടായിരുന്നു.

ഷാഫിയുടെ വനിതാ സുഹൃത്തും കൂട്ടുപ്രതിയുമായ ഓമനയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടു . മകന്‍റെ മദ്യപാനം നി‍‍ർത്തിക്കാൻ ജ്യോതിഷം പരീക്ഷിക്കാനാണ് ഷാഫിയെ പരിചയപ്പെട്ടത് .ജോത്സ്യൻ ആണെന്ന് പറഞ്ഞ് അനുജത്തിയാണ് നമ്പർ തന്നത്. മകന് മദ്യത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞാണ് ഷാഫി എത്തിയതെന്നും ഓമന പറഞ്ഞു . 

പീഡനക്കേസിൽ കൂട്ടുപ്രതിയായ ഓമന പീഡനവും ശാരീരിക ഉപദ്രവവും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി.ലോട്ടറി വിൽപനക്കാരിയായ ഓമനയെ ലോറി ഡ്രൈവറായിരിക്കുമ്പോഴാണ് ഷാഫി പരിചയപ്പെടുന്നത്.അന്ധവിശ്വാസിയായ ഓമനയുടെ വീട്ടിൽ കുറ്റകൃത്യം നടന്നെങ്കിലും അന്ന് പീഡനത്തിലും കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓമന വഴി കൂടുതൽ സ്ത്രീകളുമായും ഷാഫി ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.അഞ്ച് മാസം ജയിലിൽ കിടന്ന ശേഷമാണ് അന്ന് ഷാഫി പുറത്തിറങ്ങിയത്