ഉംറ നിര്‍വഹിക്കാന്‍ 830 റിയാല്‍ മുതല്‍ പാക്കേജുകള്‍ ഒരുക്കി അധികൃതര്‍; ഏകീകൃത പ്ലാറ്റ്‍ഫോമിലൂടെ വിവരങ്ങള്‍

ഉംറ നിര്‍വഹിക്കാന്‍ 830 റിയാല്‍ മുതല്‍ പാക്കേജുകള്‍ ഒരുക്കി അധികൃതര്‍; ഏകീകൃത പ്ലാറ്റ്‍ഫോമിലൂടെ വിവരങ്ങള്‍


റിയാദ്: ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നിലധികം പാക്കേജുകൾ ഒരുക്കിയതായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം ആരംഭിച്ച ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്ഫോം അധികൃതർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും മക്കയിലും മദീനയിലും എത്തുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനുമാണ് പാക്കേജുകൾ ഏർപ്പെടുത്തിയത്. 

പാക്കേജ് നിരക്ക് 830 സൗദി റിയാൽ (222 ഡോളർ) മുതൽ ആരംഭിക്കുന്നതാണ്. വിസിറ്റ് വിസ ഫീസ്, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രികളിൽ മക്കയിൽ തങ്ങാനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍,  എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. എന്നാൽ സൗദി അറേബ്യയിലേക്കും തിരികെയുമുള്ള വിമാന യാത്ര ടിക്കറ്റുകൾ, ഭക്ഷണം, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിവ പാക്കേജില്‍ ഉൾപ്പെടില്ല. 

മക്കയ്ക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനിന്റെ ട്രിപ്പ് സമയം അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായകമായി അവരുടെ വെബ്‌സൈറ്റിന്റെ ലിങ്കും ‘നുസുക്’ പ്ലാറ്റ്ഫോമിൽ ചേർത്തിട്ടുണ്ട്. ഒക്ടോബർ 10നാണ് ഹജ്ജ് ഉംറ മന്ത്രാലയം ‘നുസുക്’ എന്ന പേരിൽ പരിഷ്കരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമം ആരംഭിച്ചത്. ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്ഫോമിലുണ്ട്. 

അതേസമയം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് ആരാധകര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഇതിനുള്ള വിസ അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ വിസാ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ശമ്മാരിയാണ് അറിയിച്ചത്. 

ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ വിസ നല്‍കുമെന്ന് നേരത്തെ തന്നെ സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും കൂടി അവസരം നല്‍കുന്നത്. പൂര്‍ണമായും സൗജന്യമായാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വിസ അനുവദിക്കുക. എന്നാല്‍ വിസ പ്ലാറ്റ്‍ഫോമില്‍ നിന്ന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെയായിരിക്കും ഈ വിസകളുടെ കാലാവധി. അതായത് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ ആരാധകര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാനാവും.