സ്വന്തം ചുമതലകള്‍ നിര്‍വഹിച്ചാല്‍ മാത്രം മതി’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

സ്വന്തം ചുമതലകള്‍ നിര്‍വഹിച്ചാല്‍ മാത്രം മതി’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് ഗവര്‍ണര്‍ക്ക് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതല നിര്‍വഹിച്ചാല്‍ മാത്രം മതി. ഗവര്‍ണര്‍ക്ക് അനുവദിച്ച കാര്യങ്ങളില്‍ നിന്ന് ഒരിഞ്ച് മുന്നോട്ടുപോകാനാകില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.(pinarayi vijayan against governor arif mohammad khan)

‘ഇത്തരത്തിലുള്ള പല കാര്യങ്ങളുമുണ്ടാകും. നമുക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. നാട് കൂടുതല്‍ പുരോഗതിയിലേക്കും വികസനത്തിലേക്കും കുതിക്കണം. അതാണ് നമുക്കിന്നാവശ്യം. അല്ലാതെ അനാവശ്യ കാര്യങ്ങള്‍ക്ക് പുറകേ പോകാനല്ല. ഇവിടെ നിയമവ്യവസ്ഥയും ജനാധിപത്യ രീതികളുമുണ്ട്. കീഴ്‌വഴക്കങ്ങളും നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതെല്ലാം അനുസരിച്ചുമാത്രമേ കാര്യങ്ങള്‍ മുന്നോട്ടുപോകൂ. അതെല്ലാം അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാകൂ.

നാടിന്റെ വികസനത്തിന് തടയിടാന്‍ ആരുവന്നാലും എന്റെ ഗവണ്‍മെന്റ് എന്ന് എല്‍ഡിഎഫ് ഗവര്‍ണ്‍മെന്റിനെ വിളിക്കുന്ന ഗവര്‍ണര്‍ ആയാല്‍പ്പോലും ഈ നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.’. മുഖ്യമന്ത്രി പറഞ്ഞു.

കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍/ചാന്‍സലര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.


കേരളത്തിലെ ഒന്‍പത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് ഗവര്‍ണര്‍ അയഞ്ഞിരുന്നു. അഭ്യര്‍ത്ഥന എന്ന രീതിയിലാണ് താന്‍ വൈസ് ചാന്‍സിലര്‍മാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ അത് പറഞ്ഞത്. വിസിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നല്‍കിയത്. എന്നാല്‍ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.