നീറ്റലായി വിഷ്ണുപ്രിയ; നാട്ടുകാര്‍ക്ക് സ്വന്തം അമ്മു, പ്രിയപ്പെട്ടവള്‍; ഫോണിലേക്ക് വന്ന അവസാന കോള്‍ തെളിവായി

നീറ്റലായി വിഷ്ണുപ്രിയ; നാട്ടുകാര്‍ക്ക് സ്വന്തം അമ്മു, പ്രിയപ്പെട്ടവള്‍; ഫോണിലേക്ക് വന്ന അവസാന കോള്‍ തെളിവായി


പാനൂരിന് സമീപത്തെ വള്ള്യായി. ഇന്നലെ രാവിലെ 12മണി മുതൽ ആ നാട് ഞെട്ടലിലാണ്. ഇന്നലെ രാവിലെ വരെ ഓടിക്കളിച്ച്, ചിരിച്ച് നടന്ന 23കാരി വിഷ്ണുപ്രിയ. നാട്ടുകാരുടെ അമ്മു. പ്രണയപ്പകയ്ക്ക് ഒടുവിൽ അതിക്രൂരമായി കൊല്ലപ്പെട്ടു. മുഖംമൂടി ധരിച്ചെത്തിയ മഞ്ഞത്തൊപ്പിയിട്ട മെലിഞ്ഞയൊരാളാണ് കൊന്നതെന്ന് സമീപവാസികൾ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ അതിവേഗം അന്വേഷണം തുടങ്ങി.

പിടിയിലാകുമെന്ന് ഉറപ്പായതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതി ശ്യാംജിത്ത് കീഴടങ്ങി. പ്രണയപ്പകയായിരുന്നു ആ 23കാരിയെ കൊന്നുതള്ളാൻ ശ്യാംജിത്തിനെ പ്രേരിപ്പിച്ചത്. വർഷങ്ങളായി തങ്ങൾ ഇഷ്ടത്തിലായിരുന്നെന്നും ആ ഇഷ്ടത്തിൽനിന്ന് വിഷ്ണുപ്രിയ പിൻമാറിയതാണ് കൊല്ലാൻ കാരണമെന്നും പൊലീസിനോട് തുറന്നു പറഞ്ഞു ശ്യാംജിത്ത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പാനൂരിൽ ഫാർമസിസ്റ്റായിരുന്നു 23 കാരി വിഷ്ണുപ്രിയ.  അഞ്ച് ദിവസം മുമ്പ് അച്ഛമ്മ മരിച്ചു. 100 മീറ്റർ മാത്രം അകലെയുള്ള അച്ഛമ്മയുടെ വീട്ടിലായിരുന്നു ഇന്ന് രാവിലെയും വിഷ്ണുപ്രിയയും സഹോദരിയും അമ്മയും. 10 മണിക്ക് സ്വന്തം വീട്ടിലേക്ക് വിഷ്ണുപ്രിയ തനിച്ചെത്തുന്നു. 12 മണിയായി,  2 മണിക്കൂർ കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാത്തതിനാൽ അമ്മയും ചേച്ചിയും അന്വേഷിച്ചെത്തുന്നു. വീടിനകത്ത് കയറിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.  കിടപ്പുമുറിയിൽ പെൺകുട്ടി മരിച്ച നിലയിൽ കിടക്കുന്നു.

കഴുത്ത് വേർപെടാറായ അവസ്ഥയിലായിരുന്നു. കൈയ്ക്കും കാലിനും നെഞ്ചിനും വെട്ടേറ്റിരുന്നു. അമ്മയും ചേച്ചിയും ഉറക്കെ നിലവിളിച്ചു. അയൽക്കാർ ഓടിക്കൂടി. അപ്പോഴാണ് നാട്ടുകാരിലൊരാൾ  അക്കാര്യം പറയുന്നത്. മഞ്ഞതൊപ്പി ധരിച്ച മുഖം മൂടി  ഇട്ട മെലിഞ്ഞൊരാൾ അൽപ്പം മുമ്പ് ഈ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന്.  വിഷ്ണുപ്രിയയുടെ ഫോണിലേക്ക് ഇന്ന് രാവിലെ ഒരു കോൾ വന്നിരുന്നു, അതായിരുന്നു അവസാനം വന്ന കോൾ. അത് കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. വിളിച്ചത് 15 കിലോമീറ്റർ അകലെയുള്ള മാനന്തേരിയിലുള്ള യുവാവാണെന്ന് ഏറെക്കുറെ വ്യക്തമായി.

മൂന്ന് മണിയോടെ മാനന്തേരി സ്വദേശി ശ്യാംജിത്ത് കൂത്തുപറമ്പ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിഷ്ണുപ്രിയയെ കൊന്നത് താനാണെന്ന് സമ്മതിച്ചു. എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്‍റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ എന്തിന് കൊന്നു, എങ്ങനെ കൊന്നു എല്ലാംപറഞ്ഞു പ്രതി. വീടിന്‍റെ പിന്നിലെ ഗ്രിൽ തുറന്നാണ് രാവിലെ അകത്ത് കയറിയത്. ചുറ്റിക കൊണ്ട് തലക്ക് അടിച്ച് ബോധം കെടുത്തിയശേഷമാണ് കൊന്നത്. വർഷങ്ങളായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു. ആറ് മാസം മുമ്പ് അകന്നു. ഇതിലുള്ള പകയാണ് കൊല്ലാൻ കാരണമെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി.