കർണാടകയിലെ ഹിബാജ് നിരോധനത്തിൽ സുപ്രീംകോടതി നാളെ വിധി പറയും

കർണാടകയിലെ ഹിബാജ് നിരോധനത്തിൽ സുപ്രീംകോടതി നാളെ വിധി പറയും


ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ഹർജികളിൽ നേരത്തെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചിരിക്കുകയായിരുന്നു.  

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാരിൻ്റെ നടപടി കര്‍ണാടക  ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വാദം കേട്ടത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിൻറെ ഭാഗമായി കണ്ടുകൂടേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. 

ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഈ രീതിയിൽ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും സിബൽ കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും സിബൽ പറഞ്ഞു. 

സിഖ് മതവിഭാഗത്തിൻറെ ടർബന് നല്കുന്ന ഇളവ് ഹിജാബിൻറെ കാര്യത്തിലും വേണമെന്ന് മറ്റൊരു അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് വാദത്തിനിടെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു. ടർബൻ സിഖ് വിശ്വാസത്തിൻറെ ഭാഗമാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബഞ്ച് വ്യക്തമാക്കി. 

ഹിജാബ് ധരിക്കുന്നത് മതാചാരത്തിൻറെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന്  ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകൾക്കെതിരാണ് കർണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടി. ശബരിമല വിധി പുനപരിശോധിക്കാനുള്ള വിശാല ബഞ്ചിനു മുമ്പാകെ വരുന്ന ചോദ്യങ്ങൾ വിഷയത്തിലുണ്ടെന്നും ഹർജിക്കാർ വാദിച്ചു.  യൂണിഫോം നിശ്ചയിക്കുന്ന കോളേജ്  വികസനസമിതിയിൽ എംഎൽഎമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തിരുന്നു. 

എന്നാൽ ഹിജാബ് നിരോധനം വലിയ വിഷയമാക്കിയത് പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടൽ കാരണമാണെന്ന്  ഹര്‍ജികളിൽ കര്‍ണാടക  സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഇസ്ലാമിക രാജ്യമായ ഇറാനിൽ പോലും ഹിജാബിനെതിരായ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി