ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു; ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ: വി ഡി സതീശൻ

ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു; ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ: വി ഡി സതീശൻ


തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. ഗവർണർക്ക് അപ്രീതി ഉള്ളപ്പോൾ മന്ത്രിയെ മാറ്റാൻ ആവശ്യപ്പെടാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.

തന്റെ പ്രീതിയ്ക്ക് അനുസരിച്ച് മന്ത്രിമാരെ പിൻവലിക്കുന്നതിനുള്ള അധികാരം ഗവർണർക്കില്ല. മുഖ്യമന്ത്രിയുടെ ശുപാർശയിൽ മാത്രമേ മന്ത്രിമാരെ പിൻവലിക്കാൻ കഴിയൂ. ഇല്ലാത്ത അധികാരമാണ് ഗവർണർ പ്രയോഗിച്ചിരിക്കുന്നത്. ഗവർണർ ദൈവമൊന്നും അല്ലല്ലോയെന്നും വിഡി സതീശൻ പറഞ്ഞു.

ധനമന്ത്രി കെ എൻ ബാലഗോപാലിൽ പ്രീതി നഷ്ടമായതായി കാണിച്ചാണ് മുഖ്യമന്ത്രിയ്ക്ക് ഗവർണർ കത്തയച്ചത്. കഴക്കൂട്ടത്ത് മന്ത്രി നടത്തിയ പ്രസംഗമാണ് ഗവർണറുടെ പ്രകോപനത്തിന് കാരണം. ബാലഗോപാലിന്റെ പ്രസംഗം ദേശീയ ഐക്യത്തെ ബാധിക്കുന്നതും സംസ്ഥാനങ്ങൾ തമ്മിൽ വിഭാഗീയത ഉണ്ടാക്കുന്നതുമാണെന്ന് കത്തിൽ പറയുന്നു.

കത്തു പരിഗണിച്ചു നടപടിയെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മന്ത്രി ആർ ബിന്ദുവിന് എതിരെയും വിമർശനം ഉണ്ട്. എന്നാൽ ഗവർണറുടെ നിർദേശം മുഖ്യമന്ത്രി തള്ളി. മന്ത്രിയിൽ വിശ്വാസമുണ്ടെന്നും കൂടുതൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ലെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം. മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ല. സഭയുടെ നാഥൻ മുഖ്യമന്ത്രിയാണ്. ജനാധിപത്യത്തെയല്ല, ഗവർണർ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണെന്നും ഗവർണർ പറഞ്ഞു.