വീടിന് തീയിട്ട് മുറ്റത്തെ പ്ലാവിൽ ഗൃഹനാഥൻ ജീവനൊടുക്കി; അയൽക്കാർ അറിയുന്നത് ഉഗ്രസ്ഫോടനം കേട്ട്


വീടിന് തീയിട്ട് മുറ്റത്തെ പ്ലാവിൽ ഗൃഹനാഥൻ ജീവനൊടുക്കി; അയൽക്കാർ അറിയുന്നത് ഉഗ്രസ്ഫോടനം കേട്ട്


കോട്ടയം: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനകൊടുക്കി. കോട്ടയം കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എം.വി.ഹരിദാസ് (60) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. ഉഗ്രസ്ഫോടന ശബ്ദം കേട്ടാണ് അയൽവാസികൾ വിവരം അറിയുന്നത്. വീടിന് തീയിട്ട ശേഷം മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്ഫോടന ശബ്ദം കേട്ട് അയൽവാസികൾ ഉണർന്ന് എത്തിയപ്പോൾ വീടിന്റെ മേൽക്കൂര കത്തുന്നതാണ് കണ്ടത്. ഉടൻ തന്നെ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചു. പാമ്പാടിയിൽ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ മുറ്റത്തുള്ള പ്ലാവിൽ ഹരിദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


പാചകവാതക സിലിണ്ടർ വീട്ടിൽ നിന്നു മാറ്റിവച്ച ശേഷമാണ് വീടിന് തീയിട്ടത്. തീ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ ചുറ്റും വെള്ളം നനച്ചിരുന്നു.

പെയിന്റിങ് തൊഴിലാളിയാണ് ഹരിദാസ്. ഹരിദാസും ഭാര്യയും മാത്രമാണു വീട്ടിൽ താമസം. ഇവർക്ക് മക്കളില്ല. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.