ഒപ്പമുള്ളത് ഭാര്യയാണെന്ന് പറഞ്ഞ് മടക്കി അയച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴി

ഒപ്പമുള്ളത് ഭാര്യയാണെന്ന് പറഞ്ഞ് മടക്കി അയച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴി


എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് എംഎല്‍എ മര്‍ദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ രണ്ടു പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. അന്ന് ഒപ്പമുള്ളത് ഭാര്യയാണെന്ന് പറഞ്ഞാണ് എംഎല്‍എ മടക്കി അയച്ചതെന്ന് പൊലീസുകാര്‍ പറഞ്ഞു.

ബലാല്‍സംഗത്തിനും വധശ്രമത്തിനും പ്രതിയായ എല്‍ദോസ് ഇപ്പോഴും ഒളിവിലാണ്. അതേസമയം പരാതിക്കാരിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് പരാതിക്കാരുമായി അന്വേഷണ സംഘം എംഎല്‍എയുടെ പെരുമ്പാവൂരിലെ വീട്ടില്‍ പോയി തെളിവെടുപ്പ് നടത്തിയേക്കും. എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതു പ്രകാരമാണ് ഇവിടെയും തെളിവെടുപ്പ് നടത്തുന്നത്.

പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ ടി ഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളാണ് പൊലീസ് കണ്ടെടുത്തത്. മദ്യക്കുപ്പിയും ഇവിടന്ന് ലഭിച്ചു. മദ്യക്കുപ്പിയിലെ വിരലടയാളം എല്‍ദോസിന്റെതാണോയെന്ന് പരിശോധിക്കും.

സെപ്തംബര്‍ 15ന് വീട്ടില്‍ വന്ന് പോയപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇത് ശരി വെക്കുന്ന തെളിവുകളാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.