വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്; ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറി അച്ഛൻ്റെ ഹോട്ടലിലെത്തി

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്; ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറി അച്ഛൻ്റെ ഹോട്ടലിലെത്തി


കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി
പ്രതി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതെന്ന് പൊലീസ് കണ്ടെത്തി. കത്തിയുണ്ടാക്കാൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിയുണ്ടാക്കാൻ ഇരുമ്പും ചുറ്റികയും വാങ്ങിയതായും പൊലീസ് പറ‍ഞ്ഞു ( vishnupriya knife made by the accuse himself ).

കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛൻ്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാർബർ ഷോപ്പിൽ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാ​ഗിൽ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.

ശ്യാംജിത്തിന്റെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാൻ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിംകാർഡുകൾ കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന കയർ മുറിയിൽ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികൾ, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ, മുളകുപൊടി, പവർ ബാങ്ക്, സ്ക്രൂഡ്രൈവർ, തൊപ്പി കൈയുറകൾ എന്നിവ കണ്ടെടുത്തത്.

വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങൾ ഒളിപ്പിച്ചുവെന്നായിരുന്നു നൽകിയ മൊഴി. തുടർന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

വീടിന് സമീപമുള്ള ഒരു ചതിപ്പിൽ ബാ​ഗിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങൾ. കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തിയും ചുറ്റികയും ബാ​ഗിൽ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ കൊലപാതകം തടയാൻ വിഷ്ണുപ്രിയ ശ്രമിച്ചാൽ അത് തടയാൻ മുഖത്തെറിയാൻ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാ​ഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാ​ഗിൽ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാ​ഗിനുള്ള വച്ച് ചതുപ്പിൽ താഴ്ത്തുകയായിരുന്നു.

Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

അതേസമയം, വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

പാനൂർ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയയുടെ അരുംകൊല കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പ്രണയത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ആയുധം വാങ്ങിയ കടയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പൊലീസിന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനായി എത്തിയ പ്രതി പരിസരം നിരീക്ഷിച്ച് നടക്കുന്നത് സമീപവാസിയായ മുകുന്ദൻ കണ്ടിരുന്നു. കെഎസ്ഇബി ജീവനക്കാരനെന്ന വ്യാജേനയാണ് പ്രതിയെത്തിയത്.

നിഷ്ഠൂരമായ അരുംകൊലയുടെ ഞെട്ടലിൽ നിന്ന് പാനൂർ ഇനിയും മുക്തമായിട്ടില്ല. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തത്സസമയം കണ്ട വിഷ്ണുപ്രയുടെ സുഹൃത്ത് കേസിൽ പ്രധാന സാക്ഷിയാകും. വൈകിട്ടോടെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകിട്ടാകും വിഷ്ണുപ്രിയയുടെ സംസ്കാരം.