ആക്രി വിറ്റ പണത്തെ ചൊല്ലി തര്‍ക്കം, പൊലി‌ഞ്ഞത് ജീവന്‍; ധ്യാനകേന്ദ്രത്തിൽ വരെ ഒളിവില്‍ കഴിഞ്ഞ് പ്രതി, ഒടുവിൽ

ആക്രി വിറ്റ പണത്തെ ചൊല്ലി തര്‍ക്കം, പൊലി‌ഞ്ഞത് ജീവന്‍; ധ്യാനകേന്ദ്രത്തിൽ വരെ ഒളിവില്‍ കഴിഞ്ഞ് പ്രതി, ഒടുവിൽ


ഇടുക്കി: ആക്രി വിറ്റ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് ഒരാള്‍ അറസ്റ്റില്‍. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലൂര്‍ക്കാവ് തോട്ടില്‍ കുഞ്ഞുമോന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് ഒപ്പം ജോലി ചെയ്തിരുന്ന സഞ്ജു പിടിയിലായത്. ഇക്കഴിഞ്ഞ തിരുവോണ ദിനത്തിന്‍റെ തലേന്നാണ് ഇടുക്കി ജില്ലയിലെ പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലൂര്‍ക്കാവ് തോട്ടില്‍ കുഞ്ഞുമോന്‍ എന്ന മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവിവാഹിതനാണ് കുഞ്ഞുമോന്‍. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. അതുകൊണ്ടുതന്നെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ മദ്യപിച്ച് തോട്ടില്‍ വീണതാകാമെന്ന നിഗമനത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. എന്നാല്‍ മൃതദേഹ പരിശോധന നടത്തിയ പെരുവന്താനം പൊലീസ് മരണത്തിലെ അസ്വാഭാവികത തിരിച്ചറിഞ്ഞു. ഇതോടെ സംഭവദിവസം കൂടെയുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

മാണി, സഞ്ജു എന്നിവരായിരുന്നു സെപ്റ്റംബര്‍ ആറിന് കുഞ്ഞുമോനോടൊപ്പം പാലൂര്‍ക്കാവിലെ കെട്ടിടത്തില്‍ നിര്‍മ്മാണജോലിയില്‍ ഉണ്ടായിരുന്നത്. നാല് മാസമായി കുഞ്ഞുമോന് ഇവിടെയായിരുന്നു ജോലി. ഹിറ്റാച്ചി ഓപ്പറേറ്ററായ സഞ്ജു അന്നേദിവസമാണ് അവിടെ എത്തിയത്. ജോലിക്കിടെ മൂവരും ചേര്‍ന്ന് നിര്‍മ്മാണ സ്ഥലത്തുണ്ടായിരുന്ന ഇരുമ്പ് വേസ്റ്റ് ശേഖരിച്ച് വിറ്റ് പണമാക്കിയശേഷം പണിസ്ഥലത്തിന് താഴെയുളള തോടിന് സമീപത്തെ തിട്ടയിലിരുന്ന് മദ്യപിച്ചു.

വൈകിട്ടോടെ മാണി വീട്ടിലേക്ക് മടങ്ങി.  മദ്യപാനത്തിനിടെ ഇരുമ്പ് വിറ്റുകിട്ടിയ പണത്തെ സംബന്ധിച്ച് സഞ്ജുവും കുഞ്ഞുമോനും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ സഞ്ജു, കുഞ്ഞുമോനെ തോട്ടിലേയ്ക്ക് തള്ളിയിട്ടു. വീഴ്ചയില്‍ തലയ്ക്ക് മുറിവേറ്റ് അബോധാവസ്ഥയിലായ കുഞ്ഞുമോനെ ഉപേക്ഷിച്ച് സഞ്ജു ബൈക്കില്‍ ആദ്യം രക്ഷപ്പെട്ടു.  എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം തിരികെ എത്തിയ സഞ്ജു, തോട്ടിലിറങ്ങി കുഞ്ഞുമോനെ വെള്ളത്തില്‍ മറിച്ചിട്ട് മരണം ഉറപ്പാക്കി.

വെള്ളം ഉളളില്‍ ചെന്നുളള മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞെങ്കിലും തലയിലെയും ശരീരത്തിലെയും മുറിവുകള്‍ പരിശോധിച്ച പൊലീസ്  കൊലപാതക സാധ്യത തള്ളിക്കളയാതെ അന്വേഷണം നടത്തുകയായിരുന്നു. മരണദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍, മാണി പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയെങ്കിലും സഞ്ജുവിനെ കണ്ടെത്താനായില്ല. തനിക്കൊരു അബദ്ധം പറ്റിയെന്ന് കൂട്ടുകാരെ അറിയിച്ച ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനായി പൊലീസ് നിരന്തര അന്വേഷണങ്ങള്‍ നടത്തി.

സ്മാര്‍ട്ട്ഫോണ്‍ ഉപേക്ഷിച്ച് ട്രെയിനുകള്‍ മാറിക്കയറി യാത്ര ചെയ്തിരുന്ന സഞ്ജു ഗോവ, മംഗലപുരം, ബാംഗളൂരു എന്നിവിടങ്ങളിലും ചാലക്കുടി ഡിവൈന്‍ സെന്‍ററിലുമായി ഒളിവില്‍ താമസിച്ചു. ട്രെയിന്‍ യാത്രക്കിടെ സഹയാത്രികരുടെ മൊബൈല്‍ ഫോണില്‍ നിന്ന് മാത്രമാണ് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ നീക്കം മനസിലാക്കി ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെരുവന്താനം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരുവന്താനം എസ്എച്ച്ഒ വി കെ  ജയപ്രകാശ് ആണ് അസ്വാഭാവിക മരണമായി അവസാനിക്കുമായിരുന്ന സംഭവം കൊലപാതകമാണെന്ന് തെളിയിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍.