
ദില്ലി : ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, സർക്കാർ സ്‌കൂൾ സന്ദർശനം സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടുന്നതിനിടെ പ്രതികരണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 'ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം' എന്നാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്. "സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായി, പക്ഷേ സർക്കാർ സ്‌കൂളുകളും പാവപ്പെട്ടവർക്കുള്ള വിദ്യാഭ്യാസവും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകാത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം," കെജ്‌രിവാൾ പറഞ്ഞു. ഗുജറാത്തിലെ പബ്ലിക് സ്‌കൂൾ സംവിധാനത്തെ നവീകരിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ സമാരംഭത്തിന്റെ ഭാഗമായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി.
ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോടൊപ്പം ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്ന ചിത്രങ്ങൾ ആണ് പ്രചരിക്കുന്നത്. "പുതിയ വിദ്യാഭ്യാസ നയം ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള അടിമ മാനസികാവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റും" എന്നാണ് പിന്നീട് ഗുജറാത്തിലുടനീളമുള്ള സർക്കാർ സ്‌കൂളിലെ അധ്യാപകരുടെ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്.