
മതപരിവർത്തന പ്രതിജ്ഞാ വിവാദത്തിന്റെ പേരിൽ ഡൽഹി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റ നിർദ്ദേശം അനുസരിച്ചാണ് ഇദ്ദേഹം രാജിവച്ചതെന്നാണ് സൂചന. കൂട്ട മതപരിവർത്തന സമ്മേളനത്തിൽ പങ്കെടുത്ത് പ്രതിജ്ഞയെടുത്തതാണ് രാജേന്ദ്ര പാൽ ഗൗതത്തിന് വിനയായത്. ( Rajendra Pal Gautam resigns as Delhi Cabinet Minister ).
മന്ത്രി കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ഉടൻ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ ഒക്ടോബർ അഞ്ചിനാണ് ബുദ്ധമതം സ്വീകരിക്കാനുള്ള കൂട്ട മതപരിവർത്തനസമ്മേളനം നടന്നത്. ഈ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ‘എനിക്ക് വിഷ്ണുവിലും മഹേശ്വരനിലും ബ്രഹ്മാവിലും രാമനിലും വിശ്വാസമില്ല. ദൈവത്തിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണനെയും ഞാൻ ആരാധിക്കില്ല,’ എന്നാണ് മന്ത്രി പ്രതിജ്ഞയെടുത്തത്.
ബി.ആർ. അംബേദ്കറുടെ മരുമകൻ രാജ്‍രത്ന അംബേദ്കറും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജയ് ഭീം മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഏഴായിരത്തോളം പേരാണ് ബുദ്ധമതം സ്വീകരിച്ചത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് മതപരിവർത്തന പ്രതിജ്ഞയ്ക്ക് ശേഷം രാജേന്ദ്ര പാൽ ഗൗതം വ്യക്തമാക്കിയിരുന്നു.