തനിക്ക് കിട്ടുന്ന വോട്ടുകൾ കോണ്‍ഗ്രസിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമെന്ന് തരൂര്‍


തനിക്ക് കിട്ടുന്ന വോട്ടുകൾ കോണ്‍ഗ്രസിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമെന്ന് തരൂര്‍ 


ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ  തനിക്ക് കിട്ടുന്ന വോട്ടുകൾ കോൺഗ്രസിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമായിരിക്കുമെന്ന് ശശി തരൂർ എംപി. ഈ വസ്തുത പാര്‍ട്ടി നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിൽ നിലവിലുള്ള സംവിധാനങ്ങളിൽ തൃപ്തിയുള്ളവരാകും താൻ പ്രചരണത്തിനെത്തുമ്പോൾ മുഖം തരാത്തതെന്നും തരൂർ പ്രതികരിച്ചു. 

അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകൾ പൂര്‍ണമായി പരിഹരിക്കാത്തതിൽ തരൂര്‍ അതൃപ്തിയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷനായ മധുസൂദൻ മിസ്ത്രിയുമായി തരൂര്‍ വീണ്ടും സംസാരിച്ചു.

അതിനിടെ പത്തനംതിട്ടയിലെ കുമ്പനാട് ശശി തരൂർ അനുകൂല ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.  സേവ് കോൺഗ്രസ്‌ ഫോറത്തിൻ്റെ പേരിലാണ് ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നത്. മാറ്റം അനിവാര്യം, നാളയെ കുറിച്ച് ചിന്തിക്കുന്നവർ തരൂരിനെ മറക്കില്ല എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. 

മറ്റന്നാളാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള  വോട്ടെടുപ്പ് നടക്കുന്നത്. എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് വരെയാണ് പോളിംഗ്. ഒൻപതിനായിരത്തിലേറെ പേർക്കാണ് വോട്ടവകാശമുള്ളത്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് പോളിംഗ് കേന്ദ്രമുള്ളത്. 

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കും. മത്സര രംഗത്തുള്ള മല്ലികാർജ്ജുൻ ഖർഗയും, ശശി തരൂരും വോട്ടുറപ്പിക്കാൻ അവസാനവട്ട പ്രചാരണത്തിലാണ്. ഭൂരിപക്ഷം നേതാക്കളും, പി സി സി കളും ഖാർഗെ ക്ക് പിന്തുണ അറിയിച്ചുണ്ട്. യുവാക്കളുടേതടക്കം വോട്ട് പ്രതീക്ഷിക്കുന്ന തരൂർ രഹസ്യ ബാലറ്റിലൂടെ പിന്തുണ അനുകൂലമാകുമെന്നാണ് കരുതുന്നത്. വോട്ടെടുപ്പിന് ശേഷം എല്ലാ ബാലറ്റുകളും ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അവിടെ വച്ചാകും വോട്ടെണ്ണൽ.