‘കെഎഫ്സിയും മക്ക്ഡൊണാൾഡ്സും ബഹിഷ്കരിക്കണം’; കർണാടകയിൽ വീണ്ടും ഹലാൽ വിവാദം

‘കെഎഫ്സിയും മക്ക്ഡൊണാൾഡ്സും ബഹിഷ്കരിക്കണം’; കർണാടകയിൽ വീണ്ടും ഹലാൽ വിവാദം


കർണാടകയിൽ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഘലകളായ കെഎഫ്സിയ്ക്കും മക്ക്ഡൊണാൾഡ്സിനും പിസ ഹട്ടിനും എതിരെ ബഹിഷ്കരണാഹ്വാനം. ഹലാൽ ഉത്പന്നങ്ങൾ വിൽക്കുന്നു എന്ന ആരോപണവുമായാണ് ബഹിഷ്കരണാഹ്വാനം. ഹിന്ദു ജനജാഗൃതി സമിതിയാണ് ബഹിഷ്കരണാഹ്വാനത്തിനു പിന്നിൽ. ഔട്ട്ലറ്റുകൾക്ക് മുന്നിൽ ഇവർ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.

ദീപാവലിയുമായി ബന്ധപ്പെട്ടാണ് ബഹിഷ്കരണാഹ്വാനം നടക്കുന്നത്. ഹലാൽ ഫ്രീ ദീപാവലി എന്ന ക്യാമ്പയിനും ഇവർ നടത്തുന്നുണ്ട്. ഇതര മതസ്ഥരായ ആളുകൾക്ക് ഹലാൽ അല്ലാത്ത മാംസം വിതരണം ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. “കെഎഫ്സിയും മക്ക്ഡൊണാൾഡ്സും ഹലാൽ മാംസം മാത്രമാണ് വിതരണം ചെയ്യുന്നത്. ഹിന്ദുക്കൾക്ക് ഹലാൽ ഉത്പന്നങ്ങൾ നൽകരുതെന്ന് ഇരു മാനേജുമെൻ്റുകൾക്കും ഞങ്ങൾ മെമ്മോറാൻഡം നൽകിയിട്ടുണ്ട്. കർണാടകയെ കൂടാതെ ഗോവയിലും മഹാരാഷ്ട്രയിലും ഇതേ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.”- ഹിന്ദു ജനജാഗൃതി സമിതി വക്താവ് മോഹൻ ഗൗഡ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ ഹലാൽ, നോൺ ഹലാൽ വിഭവങ്ങൾക്ക് പ്രത്യേക പട്ടിക വേണമെന്നാണ് ഇവരുടെ ആവശ്യം. അതിനു തയ്യാറായില്ലെങ്കിൽ ഔട്ട്ലെറ്റുകൾക്കു മുന്നിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങളും ബഹിഷ്കരണവും നടത്തുമെന്നും പ്രതിഷേധക്കാർ പറയുന്നു.

ഹലാൽ അംഗീകാരത്തിലൂടെ സമാന്തര സമ്പദ്ഘടന രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മറ്റൊരു ഹിന്ദു ജനജാഗ്രതി വക്താവ് രമേശ് ഷിൻഡെ ആരോപിച്ചു. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ല. ഹലാൽ മുസ്‌ലിംകൾക്കു മാത്രമുള്ളതാണ്. അത് എന്തിനാണ് മറ്റു മതക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്നും ഷിൻഡെ ചോദിച്ചു. ഹലാൽ മുക്ത ദീപാവലി ആഘോഷിക്കാൻ എല്ലാ ഹിന്ദുക്കളോടും ആഹ്വാനം ചെയ്തു. ഹലാൽ ബോർഡ് വച്ച എല്ലാ ഉത്പന്നങ്ങളും ബഹിഷ്‌ക്കരിക്കണം. ഹലാൽ സർട്ടിഫിക്കറ്റുള്ള എല്ലാ സ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിക്കണം എന്നും രമേശ് ഷിൻഡെ ആവശ്യപ്പെട്ടു.