കടുവയെ പേടിച്ച് ഒരു നാട്: വയനാട് ചീരാലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കടുവയെ പേടിച്ച് ഒരു നാട്: വയനാട് ചീരാലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി


സുൽത്താൻ ബത്തേരി: ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ശനി) അവധി പ്രഖ്യാപിച്ചു. കടുവ ഭീതിയിലാണ് വയനാട് ജില്ലയിലെ ചീരാൽ നിവാസികൾ. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താനായില്ല. കടുവ ഉൾവനത്തിലേക്ക് കടന്നതായാണ് വനം വകുപ്പിന്‍റെ നിഗമനം. 

കഴിഞ്ഞ ദിവസം വൈകിട്ട് ബത്തേരി ദൊട്ടപ്പൻകുളത്തുള്ള വീടിന്‍റെ ചുറ്റുമതിൽ കടുവ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് വനപാലകർ അറിയിച്ചു. ബത്തേരിക്കടുത്തുള്ള ചീരാൽ വില്ലേജിലും കൃഷ്ണഗിരിയിലും കടുവ ശല്യം രൂക്ഷമാണ്. ചീരാലിലെ ജനവാസ മേഖലയിൽ തന്പടിച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവുണ്ട്. മേഖലയിൽ 3 കൂടുകളാണ് സ്ഥാപിച്ചത്.

ഇന്നലെ ചീരാലിൽ വീണ്ടും കടുവ ഇറങ്ങിയിരുന്നു. കടുവയെ പിടികൂടുന്ന കാര്യത്തിൽ അധികൃതർ തീരുമാനമെടുത്തില്ലെങ്കിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മൂന്നു കൂടുകളും 16 നിരീക്ഷണ ക്യാമറകൾക്കും സ്ഥാപിച്ചിട്ടും കടുവയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 20 ദിവസത്തിനുള്ളിൽ 9 വളർത്തുമൃ​ഗങ്ങളെയാണ് കടുവ ആക്രമിച്ചത്.