കാടും നാടും ഇളക്കി തിരഞ്ഞു, പിടി തരാതെ കടുവ, ഒടുവില്‍ തേടിയിറങ്ങി 'വിക്രമും ഭരതും', ആദ്യ ദിന തിരച്ചില്‍ വിഫലം

കാടും നാടും ഇളക്കി തിരഞ്ഞു, പിടി തരാതെ കടുവ, ഒടുവില്‍ തേടിയിറങ്ങി 'വിക്രമും ഭരതും', ആദ്യ ദിന തിരച്ചില്‍ വിഫലം


സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്ത ചീരാലിലെ കടുവയെ പിടിക്കാന്‍ കുങ്കിയാനകളിറങ്ങി. ആദ്യദിന കാടും നാടും ഇളക്കി തിരഞ്ഞെങ്കിലും കടുവ കാണാമറയത്ത് തന്നെയാണ്. തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് ചൊവ്വാഴ്ച ചീരാല്‍ പ്രദേശത്തേക്ക് എത്തിച്ചത്. 

കുങ്കിയാനകള്‍ ദൗത്യം ഏറ്റെടുത്തതോടെ കടുവ ജനവാസമേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പാട്ടവയല്‍-പഴൂര്‍ റോഡിന്റെ വിവിധയിടങ്ങളിലായി അഞ്ച് ക്യാമറകള്‍ സ്ഥാപിച്ച് തത്സമയദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് വനംവകുപ്പ്. ഈ ക്യാമറകള്‍ക്ക് പുറമെ പറമ്പികുളത്തുനിന്നെത്തിച്ച 30 നിരീക്ഷണക്യാമറകളും വനമേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നതിനായി വൈല്‍ഡ് ലൈഫ് പാലക്കാട് സി സി എഫ്  മുഹമ്മദ് ഷബാബ് ബത്തേരിയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ഇനിയുള്ള ദൗത്യം സി സി എഫിന്റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. മയക്കുവെടി സംഘങ്ങള്‍ പ്രദേശത്ത് ഇപ്പോഴും രാത്രിയും പകലും റോന്ത് ചുറ്റുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലുമായി നേരത്തെ സ്ഥാപിച്ച 28 നിരീക്ഷണക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം പകല്‍ 20 അംഗ വനപാലകര്‍ നാലുസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 25 -നാണ് പ്രദേശത്ത് കടുവ നിരന്തരം ആക്രമണമഴിച്ചു വിടുന്നത്. മൂന്ന് ആഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് പന്ത്രണ്ടിലധികം വളര്‍ത്തുമൃഗങ്ങളെയാണ്.  


ചീരാല്‍, മുണ്ടക്കൊല്ലി, വല്ലത്തൂര്‍, കരുവള്ളി, കുടുക്കി, പഴൂര്‍, കണ്ടര്‍മല തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലാണ് പ്രധാനമായും തിരച്ചില്‍ നടന്നുവരുന്നത്. നൂറ്റിയമ്പതിലധികം വരുന്ന വനപാലക സംഘമാണ് ദിവസങ്ങളായി ദൗത്യമേറ്റെടുത്ത് കടുവക്കായി റോന്ത് ചുറ്റിയിരുന്നത്. കുങ്കിയാനകള്‍ കൂടി എത്തിയതോടെ ദൗത്യം എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.