ബസ് യാത്രക്കിടെ പൊലീസുകാരന്‍റെ തോക്ക് മോഷ്ടിച്ചു; യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

ബസ് യാത്രക്കിടെ പൊലീസുകാരന്‍റെ തോക്ക് മോഷ്ടിച്ചു; യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍


ആലപ്പുഴ: ബസ് യാത്രക്കിടെ പൊലീസുകാരന്‍റെ തോക്ക് മോഷ്ടിച്ച് സംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പുന്നപ്ര സ്വദേശിനി സിന്ധു, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദൂ കൃഷ്ണന്‍, വടുതല സ്വദേശി ആന്റണി എന്നിവരെയാണ് പിടികൂടിയത്. പ്രതിയുമായി പൊലീസുകാരന്‍ ജയിലിലേക്കു പോകുമ്പോഴാണ് മോഷണം നടന്നത്.

ബസില്‍ യാത്രചെയ്തിരുന്ന രണ്ടുപേര്‍ തോക്ക് മോഷ്ടിക്കുകയായിരുന്നു. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാരന്‍ ജില്ലാ കോടതിയില്‍ നിന്ന് ആലപ്പുഴ സബ്ജയിലിലേക്ക് പ്രതിയുമായി പോകുമ്പോഴാണ് തോക്ക് മോഷണം പോയത്. പിന്നിലത്തെ സീറ്റിലിരുന്ന ആന്റണിയും, യദുവും തോക്ക് മോഷ്ടിക്കുയായിരുന്നു.


പൊലീസുകാരന്‍ ജയിലില്‍ എത്തിയപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ബീച്ചില്‍ രണ്ടു പേരെ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തോക്ക് ഇവര്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. എന്നാല്‍ തോക്ക് ഇവരുടെ പക്കൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ കൈവശം തോക്ക് കൊടുത്തതായും പിടിയിലായവർ പറഞ്ഞു.


പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ബാഗില്‍ നിന്ന് തോക്ക് കണ്ടെടുത്തു. സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്