
റിയാദ്: സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും അധികൃതര്‍ അറിയിച്ചു. വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകേണ്ടത് നിര്‍ബന്ധമാണ്. വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കും. അതേസമയം സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ പ്ലാറ്റുഫോമായ 'അബ്ശിര്‍' വഴി പുതുക്കാന്‍ സാധിക്കും.
അതേസമയം സൗദി അറേബ്യയില്‍ 'ഹുറൂബ്' നിയമത്തില്‍ മാറ്റം വരുത്തി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിരുന്നു. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുന്നെന്നോ കീഴില്‍നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. പരാതി കിട്ടിയാല്‍ അത് 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തില്‍ വരുത്തിയ പുതിയ മാറ്റം.
ഈ കാലളവിനിടയില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യാം. ഈ രണ്ട് അവസരങ്ങളിലൊന്ന് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടുത്തും. അതോടെ മുഴുവന്‍ സര്‍ക്കാര്‍ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവന്‍ (ഹുറൂബ്) എന്ന ഗണത്തിലാവുകയും വിവിധ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും. നിയമത്തിലെ മാറ്റം ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ പ്രാബല്യത്തിലായി.
പുതുതായി ഹുറൂബ് ആകുന്നവര്‍ക്കാണ് ഈ മാറ്റം ബാധകം. എന്നാല്‍ നേരത്തെ ഹുറൂബിലായി ഏറെ കാലം പിന്നിട്ടവര്‍ക്കുള്‍പ്പടെ ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ 15 ദിവസത്തിനുള്ളില്‍ മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇത് ഹൗസ് ഡ്രൈവറുള്‍പ്പടെയുള്ള സ്വകാര്യ, ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് ബാധകമല്ലെന്നാണ് സൂചന.