ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് അപൂർവ നേട്ടം

ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍  കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് അപൂർവ നേട്ടം 

ഇരിട്ടി: : തിരുവനന്തപുരത്ത് നടന്ന പതിനാലാമത്‌  ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി ഉജ്ജ്വല വിജയം നേടി. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒന്‍പതുപേരും മെഡലുകള്‍ നേടിയെന്ന അപൂര്‍വ്വ നേട്ടവും പഴശ്ശിരാജാ കളരി അക്കാദമിക്ക് സ്വന്തമായി. 5 സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും അടക്കം 9 മെഡലുകളാണ് കളരിയിലെ താരങ്ങള്‍ നേടിയത്. ആയിരത്തോളം താരങ്ങള്‍ മത്സരിച്ചതില്‍ നിന്നാണ് ഇത്തരം ഒരു വിജയം പഴശ്ശിക്കു നേടാനായത്. 
അനാമിക സുധാകരന്‍ (ചവുട്ടിപൊങ്ങള്‍ സബ്ജൂനിയര്‍, സ്വര്‍ണ്ണം), അനശ്വര മുരളീധരന്‍ (മെയ്പയറ്റ് ജൂനിയര്‍, സ്വര്‍ണം), എ. അശ്വനി (ചവിട്ടിപൊങ്ങല്‍ സീനിയര്‍, സ്വര്‍ണം), സി.അഭിഷേക് (ചവിട്ടിപൊങ്ങല്‍ സീനിയര്‍ ബോയ്‌സ്, സ്വര്‍ണ്ണം), വിസ്മയ വിജയന്‍ (ചവിട്ടിപൊങ്ങല്‍ സീനിയര്‍, വെങ്കലം), ടി.പി. ഹര്‍ഷ (ചവിട്ടിപൊങ്ങല്‍, വെള്ളി), കെ.കെ. അയന (ചവിട്ടിപൊങ്ങല്‍, സ്വര്‍ണ്ണം), അര്‍ജുന്‍ (കൈപോര് സീനിയര്‍ ബോയ്‌സ്, വെങ്കലം), കെ.കെ. അശ്വതി (ചവിട്ടിപൊങ്ങല്‍ വെങ്കലം) എന്നിവരാണ് മെഡലുകള്‍ നേടിയത്.
ഇതില്‍ ടി.പി. ഹര്‍ഷ, അനശ്വര മുരളീധരന്‍, എ. അശ്വിനി, അഭിഷേക് എന്നിവര്‍ തുടര്‍ച്ചയായി ദേശീയ മത്സര വിജയികളാണ്. ദേശീയ മത്സരത്തില്‍ പങ്കെടുത്ത സമ്പ് ജൂനിയർ, ജൂനിയർ താരങ്ങള്‍ ഖേലോ ഇന്ത്യയുടെ 1,20,000 രൂപയുടെ സ്‌കോളര്‍ഷിപ്പിനും അര്‍ഹരായി. മുന്‍പ് പഴശ്ശിരാജയിലെ 16 താരങ്ങള്‍ ഈ സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ട്.
ഇന്ത്യന്‍ കളരിപയറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പറും ദേശീയ പരിശീലകനുമായ പി.ഇ. ശ്രീജയന്‍ ഗുരുക്കളുടെ ശിക്ഷണത്തിലാണ് താരങ്ങള്‍ വിജയകൊയ്ത്ത് നടത്തിയത്. കഴിഞ്ഞ 14 വര്‍ഷമായി തികച്ചും സൗജന്യമായാണ് പഴശ്ശിരാജാ കളരി അക്കാദമിയില്‍ കളരിപരിശീലനം നല്‍കുന്നത്. 75പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 150  പേരാണ് ഇവിടെ പരിശീലനം നടത്തുന്നത്.