എല്‍ദോസ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തും

എല്‍ദോസ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തും


ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് എല്‍ദോസ് ഹാജരായത്. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണവുമായി പൂര്‍ണമായി സഹരിക്കുമെന്നും ഫോണ്‍ ഹാജരാക്കുമെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ പറഞ്ഞു.

എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഞ്ച് ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും വിട്ടയക്കാനാണ് കോടതി ഉത്തരവ്. എംഎല്‍എയുമായി വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്താനുമാണ് പൊലീസിന്റെ തീരുമാനം. 11 ദിവസമായി ഒളിവിലായിരുന്ന എംഎല്‍എ ഇന്നലെയാണ് പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്.

പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി പൊലീസ് എല്‍ദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്.

അതേസമയം, ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് എതിരായ കെപിസിസി അച്ചടക്ക നടപടിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നടപടിയില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉണ്ട്. ഒളിവില്‍ പോയത് ശരിയായില്ല എന്നും നടപടി വൈകി എന്നും ചിലര്‍ പറയുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ എല്‍ദോസ് പറയുന്നത് കൂടി കേള്‍ക്കണം എന്നാണ് മറുവിഭാഗം പറയുന്നത്.