തെറ്റു വഴി കൃപാഭവന്‍ അന്തേവാസികള്‍ക്ക് പാലാ സ്‌കൂളിന്റെ സ്‌നേഹപ്പൊതിച്ചോര്‍

തെറ്റു വഴി കൃപാഭവന്‍ അന്തേവാസികള്‍ക്ക് പാലാ സ്‌കൂളിന്റെ സ്‌നേഹപ്പൊതിച്ചോര്‍


കാക്കയങ്ങാട് : പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവനിലെ അന്തേവാസികള്‍ക്കായി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉറവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൊതിച്ചോര്‍ നല്‍കി. കുട്ടികള്‍ വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന 350 പൊതിച്ചോറുകളാണ് നല്‍കിയത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ മലവെള്ളപ്പാച്ചിലില്‍ കൃപാഭവനിലെ അടുക്കള പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. കിണറുകള്‍ മൂടിപോവുകയും മോട്ടോറുകളും അടുക്കള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അവിടെ പാചകം ചെയ്യുന്നത് തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊതിച്ചോര്‍ വിതരണം നടത്തിയത്. വിദ്യാര്‍ഥികളില്‍ സാമൂഹ്യാവബോധവും സഹജീവി സ്‌നേഹവും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വേറിട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌നേഹപൊതിച്ചോര്‍ വിതരണം നടത്തിയത്.
പ്രധാനാധ്യാപിക എന്‍. സുലോചന, സീനിയര്‍ അധ്യാപകന്‍ സി. അബ്ദുള്‍ അസീസ്, ഉറവ കോ-ഓര്‍ഡിനേറ്റര്‍ സി.എ. അബ്ദുള്‍ ഗഫൂര്‍, ഉറവ ഭാരവാഹികളായ ടി.ദേവനന്ദ (പ്രസിഡന്റ്), നിവേദ്യ പ്രശാന്ത് (സെക്രട്ടറി), കെ. മുഹമ്മദ് ഫസല്‍, ഹിബാ സുബീര്‍, അധ്യാപകരായ കെ.വി. രഞ്ജിത്ത്കുമാര്‍, പ്രവീണ്‍കുമാര്‍, നിധിന്‍, സുജിത്ത് എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.