സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തിൽ പ്രചാരണം തുടർന്ന് ശശി തരൂർ

സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തിൽ പ്രചാരണം തുടർന്ന് ശശി തരൂർ


സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തിൽ പ്രചാരണം തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ. പിന്തുണ പ്രതീക്ഷിക്കുന്ന നേതാക്കളെ നേരിൽ കണ്ടും ഫോണിൽ സംസാരിച്ചുമാണ് തരൂരിന്റെ പ്രചാരണം. മല്ലികാർജുൻ ഖാർഖെ ഹൈക്കമാൻഡ് സ്ഥാനാർഥിയാണെന്ന സന്ദേശം ലഭിച്ചതോടെ തരൂരിനോട് മുഖം തിരിക്കുകയാണ് കെപിസിസി നേതൃത്വം ( Shashi Tharoor continued campaigning ).

ആദ്യ ഘട്ടത്തിൽ തരൂരിന് പിന്തുണ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ പോലും ഒടുവിൽ നിലപാട് മാറ്റിയതിന് പിന്നിൽ ഹൈക്കമാൻഡിന്റെ രഹസ്യസന്ദേശമെന്നത് വ്യക്തം. തിരുവനന്തപുരത്ത് എത്തിയിട്ടും മുതിർന്ന നേതാക്കളാരും തരൂരിന് മുഖം കൊടുക്കാൻ തയ്യാറായതുമില്ല.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

കെപിസിസി ഓഫിസിലെത്തിയപ്പോൾ സ്വീകരിക്കാനുണ്ടായിരുന്നതാകട്ടെ പ്രാദേശിക നേതാക്കൾ മാത്രം. ഈ വെല്ലുവിളികൾക്കിടയിലും ഊർജം ചോരാതെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ് തരൂർ ക്യാമ്പ്. വക്കം പുരുഷോത്തമൻ, തമ്പാനൂർ രവി തുടങ്ങിയ മുതിർന്ന നേതാക്കളെ നേരിൽ കണ്ട തരൂർ നേതാക്കളെ ഫോണിൽ വിളിച്ചും പിന്തുണ തേടി.


നാളെയും തിരുവനന്തപുരത്ത് വിവിധ നേതാക്കളെ കണ്ട ശേഷം വൈകുന്നേരം ചെന്നൈയിലേക്ക് തിരിക്കും. പ്രചാരണത്തിന്റെ തരൂർ സ്റ്റൈൽ ജനകീയമെങ്കിലും ആദ്യഘട്ടത്തിൽ ലഭിച്ച പിന്തുണയിൽ നിന്നും അധികദൂരം സഞ്ചരിക്കാനായിട്ടില്ലെന്നത് വെല്ലുവിളിയാണ്. വിജയത്തിലുപരി പരമാവധി വോട്ടുകൾ നേടുകയെന്നതാണ് തരൂരിന് മുന്നിലുള്ള ലക്ഷ്യമെന്നിരിക്കെ കേരളത്തിൽ നിന്നും കൂടുതൽ പിന്തുണ ആർജിക്കാനുള്ള തീവ്രശ്രമത്തിലാണ് തരൂർ ക്യാമ്പ്.