വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്


റിയാദ്: സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസയുടെ ഫീസിൽ അതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ഒരു ലക്ഷം റിയാൽ വരെ സമഗ്രമായ കവറേജ് ലഭിക്കും. അടിയന്തര ആരോഗ്യ കേസുകൾ, കൊവിഡ് ബാധ, പൊതു അപകടങ്ങളും മരണങ്ങളും, വിമാന യാത്ര റദ്ദാക്കൽ അല്ലെങ്കിൽ പുറപ്പെടുന്ന വിമാനങ്ങളുടെ കാലതാമസം എന്നിവ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്നും ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ജൂലൈ 30-ന് ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇത്രയും വിസകൾ അനുവദിച്ചത്. അതിൽ തന്നെ ഏറ്റവും കൂടുതൽ വിസ അനുവദിച്ചത് ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾക്കാണ്.

ഇങ്ങനെ എത്തുന്ന വിദേശ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകാൻ 150 ഓളം ഉംറ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതത് രാജ്യങ്ങളിൽനിന്നുള്ള വരവ് മുതൽ ഉംറ നിർവഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നത് ഈ കമ്പനികളാണെന്നും ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽ-ഉമൈരി പറഞ്ഞു.
തീർഥാടകർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യണമെന്ന സൽമാൻ രാജാവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്ര കമ്പനികളെ നിയോഗിച്ചത്.

തീർഥാടകർക്ക് ആശ്വാസത്തോടെയും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും തങ്ങളുടെ കർമങ്ങൾ നിർവഹിക്കുന്നതിന് സൗദി ഭരണകുടം ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നിവ കൂടാതെ പാകിസ്താൻ, മലേഷ്യ, ഇന്ത്യ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഉംറ നിർവഹിക്കാൻ ഏറ്റവും കൂടുതൽ തീർഥാടകർ വരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വരും കാലയളവിൽ വർധനവുണ്ടാകുമെന്നും അൽ-ഉമൈരി പറഞ്ഞു.