നിരന്തരം കൃഷി നശിപ്പിക്കൽ - ഒടുവിൽ വീട്ടിനുള്ളിലും സർവനാശം വരുത്തി കുരങ്ങുകൾ - മനം നൊന്ത് മരത്തിൽക്കയറി കർഷകന്റെ ആത്മഹത്യാ ഭീഷണി

നിരന്തരം കൃഷി നശിപ്പിക്കൽ -  ഒടുവിൽ വീട്ടിനുള്ളിലും സർവനാശം വരുത്തി കുരങ്ങുകൾ - മനം നൊന്ത് മരത്തിൽക്കയറി  കർഷകന്റെ  ആത്മഹത്യാ ഭീഷണി 

ഇരിട്ടി: നിരന്തരം കൃഷിനാശം വരുത്തുന്ന കുരങ്ങുകൾ വീട്ടിനുള്ളിൽക്കയറിയും സർവനാശം വരുത്തിയതോടെ മനം നൊന്ത കർഷകൻ മരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കണിച്ചാർ ഏലപ്പീടികയിലെ വെള്ളാങ്കല്ലുങ്കൽ സ്റ്റാൻലിയാണ് കയ്യിൽ കന്നാസിൽ പെട്രോളും  കഴുത്തിൽ കയറുമായി മരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മരത്തിൽ കയർകെട്ടി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി നിന്ന സ്റ്റാൻലിയെ മൂന്നുമണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിൽ കേളകം പോലീസും പേരാവൂർ അഗ്നിശമനസേനയും ചേർന്ന് അനുനയിപ്പിച്ചു താഴെ ഇറക്കുകയായിരുന്നു.  
കൂട്ടമായെത്തുന്ന വാനരക്കൂട്ടങ്ങൾ നിരന്തരം  വ്യാപകമായി കൃഷിനാശം വരുത്തുന്ന അവസ്ഥയാണ് മേഖലയിലുള്ളത്.  കൃഷി  നശിപ്പിച്ചു മതിവരാത്ത കുരങ്ങുകൾ കൂട്ടമായെത്തി അടച്ചിട്ട വീടിനുള്ളിൽ കയറിയും നാശനഷ്ടമുണ്ടാക്കിയതാണ് സ്റ്റാൻലിയെ ഇത്തരം ഒരു കടുംകൈക്ക് പ്രേരിപ്പിച്ചത്. രണ്ടുദിവസം മുമ്പ് വീടിനുള്ളിൽ കയറിയ വാനരക്കൂട്ടം ടി വി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ സകലതും തകർക്കുകയും  വസ്ത്രങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച  ജോലിക്ക് പോയപ്പോൾ വീണ്ടും വാനരക്കൂട്ടം എത്തി അവശേഷിക്കുന്ന വസ്തുക്കളും കൂടി  നശിപ്പിച്ചതോടെ ആണ് ഞായറാഴ്ച രാവിലെ 7 മണിയോടെ സ്റ്റാൻലി ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറിയത്. 
സംഭവമറിഞ്ഞ് കേളകം പോലീസും പേരാവൂർ അഗ്നിശമനസേനയും  സ്ഥലത്തെത്തി.   മരത്തിൽനിന്നും താഴെയിറക്കാൻ ഇവർ  ശ്രമിച്ചെങ്കിലും കുരങ്ങുശല്യം പരിഹരിക്കാനുള്ള മാർഗ്ഗം ഉണ്ടാക്കാതെ താഴെ ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സ്റ്റാൻലി. കൂടാതെ തന്റെ കൈവശഭൂമിയിൽ വനം വകുപ്പ് ജെണ്ട കെട്ടിയിരിക്കയാണെന്നും  സംഭവത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനും തനിക്ക് ഉണ്ടായ നാശനഷ്ടം പരിഹരിക്കാനും നടപടി സ്വീകരിക്കാതെ മരത്തിൽ നിന്നും ഇറങ്ങില്ലെന്നും പറഞ്ഞു.  ഇതിനിടെ നാട്ടുകാരും സ്ഥലത്ത്  പ്രതിഷേധവുമായി മുന്നോട്ട് വന്നു. മറ്റു സ്ഥലങ്ങളിൽ നിന്നും പിടികൂടുന്ന കുരങ്ങുകളെ ഈ പ്രദേശത്ത് എത്തിച്ച് തുറന്ന് വിടുന്നതാണ് ഏലപ്പീടിക മേഖലയിൽ കുരങ്ങ് ശല്യം വർദ്ധിക്കാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സംഭവം നടക്കുമ്പോൾ സ്റ്റാന്റ്ലി കയറിയ മരത്തിന് സമീപത്തെ  മരങ്ങളിൽ കാഴ്ചക്കാരായി  കുരങ്ങുകളും നിലയുറപ്പിച്ചിരുന്നു.
ഒടുവിൽ മൂന്നരമണിക്കൂറിന്‌ ശേഷം  കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ജിമ്മി അബ്രഹാം എന്നിവർ ജില്ലാ  കലക്ടർ, ഡി എഫ് ഒ എന്നിവരുമായി നടത്തിയ ചർച്ചയിൽ സ്റ്റാന്റ്ലി ഉന്നയിച്ച ആവശ്യക്കൾക്ക് ശ്വാശത പരിഹാരം ഉണ്ടാക്കാനും, നാശനഷ്ടം അടിയന്തരമായി ലഭ്യമാക്കും എന്ന ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിപ്പിച്ച് സ്റ്റാന്റ്ലി മരത്തിൽ നിന്നും താഴെ ഇറങ്ങിയത്. തിങ്കളാഴ്ച്ച സ്റ്റാന്റ്ലിയോടൊപ്പം  കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ജിമ്മി അബ്രഹാം, വനം വകുപ്പ് ഉദ്യോസ്ഥർ എന്നിവർ  കലക്ടറുമായി കൂടി കാഴ്ച്ച നടത്തും.