വടക്കഞ്ചേരി അപകടം : ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി

വടക്കഞ്ചേരി അപകടം : ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി


വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഒപ്പം ഉണ്ടായിരുന്ന 2 പേരും പിടിയിലായി. ( tourist bus driver jomon arrest recorded new )

ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്നാണ് ജോമോൻ പറയുന്നത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് വിശദീകരണം. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്.

വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു