നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം 19ന് തലശ്ശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിന് ഇനി പുതിയ മുഖം

നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം 19ന് തലശ്ശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിന് ഇനി പുതിയ മുഖംചരിത്രമുറങ്ങുന്ന തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിന് ഇനി പുതിയ മുഖം. നവീകരിച്ച സ്റ്റേഡിയം നവംബർ 19ന് വൈകീട്ട് അഞ്ച് മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

തലശ്ശേരി ഗുണ്ടർട്ട് റോഡിലെ 6.2 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 222 വർഷം പഴക്കമുള്ള സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ചത്. ഇതിനായി കിഫ്ബി 13 കോടി രൂപ അനുവദിച്ചിരുന്നു. എട്ട് ലൈനോട് കൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ കോർട്ടുകൾ, 8000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, കളിക്കാർക്ക് വസ്ത്രം മാറാനുള്ള നാല് മുറികൾ, 250 പേരെ വീതം ഉൾക്കൊളളുന്ന പാർട്ടി, മീറ്റിംഗ് ഹാളുകൾ, പൊതുജനങ്ങൾക്കുള്ള ശുചിമുറികൾ, വി ഐ പി ലോഞ്ച്, മീഡിയ റൂം, കളിക്കാർക്കുള്ള മുറികൾ, ഓഫീസ് മുറി എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. 

കായിക വകുപ്പിന് കീഴിലെ സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല. സ്റ്റേഡിയം പവലിയന് അന്തരിച്ച മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേര് നൽകും. ഇതിന് സമീപം വാഹനങ്ങൾക്ക് പേ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷനൽ മാനേജർ ആർ പി രാധിക പറഞ്ഞു.

സ്റ്റേഡിയത്തിന് ചുറ്റും ഫെൻസിങ് ഒരുക്കും. പ്രഭാത നടത്തത്തിനും മറ്റ് കായിക ആവശ്യങ്ങൾക്കും മൈതാനം ഉപയോഗിക്കാനും മത്സരങ്ങൾ നടത്താനും കാര്യക്ഷമമായി പരിപാലിക്കാനും പ്രദേശിക തലത്തിൽ കമ്മിറ്റി രൂപീകരിക്കും. സ്റ്റേഡിയം പരിപാലകരെയും നിയമിക്കും. 10,000 രൂപയാണ് സ്റ്റേഡിയത്തിന്റെ പ്രതിദിന വാടക. ഇതോടനുബന്ധിച്ചുള്ള അഞ്ച് കടമുറികൾ വാണിജ്യാവശ്യത്തിന് വാടകക്ക് നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. 

ഓപ്പൺ ജിംനേഷ്യം കൂടി തുടങ്ങാൻ ആലോചനയുണ്ടെന്നും ആർ പി രാധിക പറഞ്ഞു. ഗോകുലം കേരളയും ലെജന്റ് കേരളയും തമ്മിലുള്ള പ്രദർശന ഫുട്‌ബോൾ മത്സരത്തോടെയാണ് സ്റ്റേഡിയം തുറന്നു കൊടുക്കുക. ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിക്കും.