ആറളം ഫാം ആദിവാസി പുരധിവാസമേഖലയിലെ യാത്രക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി. പട്ടികവർഗ വികസന വകുപ്പുമായി ചേർന്ന് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു.
ഇരിട്ടി: ആറളം ഫാം ആദിവാസി പുരധിവാസമേഖലയിലെ യാത്രക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി. പട്ടികവർഗ വികസന വകുപ്പുമായി ചേർന്ന് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു.
പുനരധിവാസ മേഖലയിലെ 3500 ഏക്കറോളം വരുന്ന വിവിധ ബ്ലോക്കുകളെ കൂട്ടിയിണക്കി നടപ്പാക്കുന്ന ഗ്രാമവണ്ടി യാഥാർഥ്യമായാൽ ഫാമിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള പട്ടികവർഗ വികസനവകുപ്പിന്റെ ഗോത്രസാരഥി പദ്ധതി ഇല്ലാതാവും.
ഫാമിലെ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് ഗോത്രസാരഥി പദ്ധതി പ്രകാരമാണ് വാഹനങ്ങൾ ഏർപ്പെടുത്തുന്നത്. ഇതിനായി സ്വകാര്യ വാഹനങ്ങളെ ടെൻഡറിലൂടെയാണ് കണ്ടെത്തുന്നത്. ജീപ്പുകളും മിനി ബസുകളും ഉൾപ്പെടെ 20-ലധികം വാഹനങ്ങൾ ഇതിനായുണ്ട്. ഒരു മാസം പട്ടികവർഗ വികസന വകുപ്പ് 12 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ ചെലവിടുന്നത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, പട്ടികവർഗ വികസനവകുപ്പ് പ്രോജക്ട് ഓഫീസർ എസ്.സന്തോഷ്‌കുമാർ, ടി.ആർ.ഡി.എം. സൈറ്റ് മാനേജർ കെ.വി.അനൂപ്, ഇരിട്ടി ട്രൈബൽ ഓഫീസർ സി.ഷൈജു, കെ.എസ്.ആർ.ടി.സി. പ്രതിനിധി എം.പ്രകാശൻ, എ.അണ്ണൻ, പി.എസ്. ചന്ദ്രൻ, ആറളംഫാം ഹൈസ്കൂൾ പ്രഥമാധ്യാപകൻ ടി.തിലകൻ, ഒ.പി. സോജൻ എന്നിവരും പങ്കെടുത്തു.