ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് കഴുത്തില്‍കുരുക്കി കൊന്നു

ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് കഴുത്തില്‍കുരുക്കി കൊന്നുചോറില്‍ ഉറുമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഒഡീഷയിലാണ് ചോറില്‍ ഉറുമ്പുണ്ടെന്ന്  പരാതി പറഞ്ഞ ഭര്‍ത്താവിനെ ദേഷ്യം കയറിയ ഭാര്യ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഒഡീഷ്യയിലെ  സുന്ദര്‍ഗഡ് ജില്ലയിലെ റൂര്‍ക്കലയില്‍ ആണ് സംഭവം. ചോറുണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ചോറില്‍ ഉറുമ്പിനെ കണ്ട ഭര്‍ത്താവ് ഭാര്യയോട്  പരാതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വാക്കു തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ ഭാര്യ സ്‌കാഫ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. സംഭവത്തില്‍ 35 -കാരനായ ഹേമന്ത് ബാഗ് ആണ് കൊല്ലപ്പെട്ടത്.

ഹേമന്ത്ബാഗിന്റെ അച്ഛന്‍ ശശി ഭൂഷണ്‍ ബാഗ് യുവതിക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  ഇതേ തുടര്‍ന്ന് ഹേമന്ത് ബാഗിന്റെ ഭാര്യ സരിതയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഡ്രൈവറായിരുന്ന ഹേമന്ത് ഭാര്യക്കും മക്കള്‍ക്കും ഒപ്പം ആയിരുന്നു താമസിച്ചുപോന്നിരുന്നത്. 

തന്റെ മകന്‍ ഹേമന്തിന് മരുമകള്‍ സരിത ചോറ് വിളമ്പുന്നതിനിടെ ഉറുമ്പുകളെ കണ്ട ഹേമന്ത് വിശദീകരണം തേടുകയും തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സരിത മകനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് ഹേമന്തിന്റെ അച്ഛന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് സരിതയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു