
കൊച്ചി: രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് അഭ്യന്തര യാത്രക്കാരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ , ഭരകത്തുള്ള എന്നിവരെയാണ് പിടികൂടിയത്. മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവരെത്തിയത്.
വ്യാജ പേരിൽ ടിക്കറ്റെടുത്ത് വന്നിറങ്ങിയ ഇവരെ കർശനമായ നിരീക്ഷണത്തെത്തുടർന്നാണ് അതിവിദഗ്ധമായി പിടികൂടുവാൻ കഴിഞ്ഞത്. ഇരുവരുടേയും ഹാൻഡ് ബാഗുകളിലായി പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വർണം അതിവിദഗ്ധമായി ഒളിപ്പിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിൽ മുംബൈ വിമാന താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ഒരു ശ്രീലങ്കൻ വംശജനാണ് ഹാൻഡ്‌ബാഗേജുകൾ കൈമാറിയതെന്ന് ഇവർ മൊഴി നൽകി.
Also Read-ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് 67കാരൻ മരിച്ചു; കാമുകിയും ബന്ധുക്കളും ചേർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു
പുറത്തുകടത്താൻ മുംബൈ വിമാന താവളത്തിലെ ചിലരുടെ സഹായത്തോടെ ഇവർ അഭ്യന്തര യാത്രക്കാരായെത്തി ശ്രമിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. ആരാണ് ഗൾഫിൽ നിന്നും സ്വർണം കൊണ്ടുവന്നതും തുടർന്ന് ഇവർക്ക് കൈമാറിയതെന്നും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. അഭ്യന്തര വിമാനത്തിലെത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റം സ് പരിശോധിക്കാറില്ല.
Also Read-ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ; പിടികൂടിയ പൂജാരിയുടെ പക്കൽ പത്തോളം മാരകായുധങ്ങൾ
എന്നാൽ കഴിഞ്ഞ ദിവസം രാജ്യാന്തര സർവീസിനുശേഷം അഭ്യന്തര സർവീസിനൊരുങ്ങിയ വിമാനത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. മാത്രമല്ല അഭ്യന്തര യാത്രക്കാർ സ്വർണവുമായി എത്തുമെന്ന് രഹസ്യ വിവരവും കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കിയതിനാലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കെതിരെയും കേസെടുത്തിട്ടുള്ളത്