വയനാട്ടിൽ കാട്ടാനയോടിച്ചപ്പോൾ ഭയന്ന് മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

വയനാട്ടിൽ കാട്ടാനയോടിച്ചപ്പോൾ ഭയന്ന് മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചുവയനാട്: കാട്ടാനയോടിച്ചപ്പോൾ ഭയന്ന് മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. തിരുനെല്ലി അപ്പാപ്പറ മദ്ധ്യപാടി മല്ലികപാറ കോളനിയിലെ രതീഷ് (24) ആണ് മരിച്ചത്.

മദ്ധ്യപാടി ബി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു. തുടര്‍ന്ന് രാത്രി പത്തു മണിയോടെ ഇരുവരേയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറിയ രതീഷ് കാല്‍ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും രതീഷ് മരണപ്പെട്ടിരുന്നു.