കണ്ണൂർ വിമാനത്താവളത്തിലെ മഴവെള്ള പ്രശ്നം: ഡ്രെയ്നേജ് നിർമാണം പുരോഗമിക്കുന്നു .
പ്രശ്നപരിഹാരത്തിന് കൊതേരി, കാര തോടുകൾ വീതി കൂട്ടി നവീകരിക്കാനും മറ്റും തീരുമാനമുണ്ടായിരുന്നു. എന്നാൽ ആദ്യം അനുവദിച്ച ഫണ്ട് അപര്യാപ്തമായിരുന്നു. ഇതോടെ കെ.കെ. ശൈലജയുടെ മുന്നിൽ പരാതികളുമായി പ്രദേശവാസികളെത്തിയതോടെയാണ് എംഎൽഎ സർക്കാരിൽ സമ്മർദം ചെലുത്തി 10.41 കോടി രൂപകൂടി അനുവദിച്ചത്. തോടുകളുടെ നവീകരണവും അനുബന്ധ പ്രവൃത്തികളുമാണ് ഇപ്പോൾ നടക്കുന്നത്. നിലവിലുള്ള ഡ്രെയ്നേജിന് മുകളിൽ കോൺക്രീറ്റ് ചെയ്തു സുഗമമായി യാത്രചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുന്പ് മഴക്കാലത്ത് ശക്തിയിൽ വെള്ളം ഒഴുകുമ്പോൾ ഇതുവഴി നടന്നുപോകാൻ പ്രദേശവാസികൾക്ക് ഏറെ ഭയമായിരുന്നു. ഇത് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ജനവാസകേന്ദ്രങ്ങളിൽ ഡ്രെയ്നേജിന് മുകളിൽ സ്ലാബിട്ട് യാത്രായോഗ്യമാക്കുന്നതിന് തീരുമാനമായത്. കിയാലിന്റെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം നാല് പുതിയ ഡ്രെയ്നേജുകളും ആവശ്യമുള്ള സ്ഥലങ്ങളിൽ പൂർത്തിയായ ഡ്രയിനേജുകളുടെ മുകളിൽ കവർ സ്ലാബ് നിർമിക്കുന്നതിനും എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു. വിമാനത്താവളത്തിന് ചുറ്റും ഡ്രെയ്നേജ് നിർമാണവുമായി ബന്ധപ്പെട്ട് ചെറുകിട ജലസേചനവിഭാഗത്തിന്റെ പ്രവൃത്തികൾക്ക് 49.59 കോടി രൂപയുടെ ഭരണാനുമതി 2017 ഫെബ്രുവരി മാസം ലഭിച്ചിരുന്നു