സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു, സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്

സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു, സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്


കോഴിക്കോട് : കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിനോദ് കുമാർ ഒളിവിലാണെന്നാണ് വിവരം. 

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിനും അമ്പലവയൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിനും പിന്നാലെയാണ് കോഴിക്കോട്ട് പോക്സോ കേസിലും പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയാകുന്നത്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സിഐ സുനു അടക്കമുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനു അറസ്റ്റിലായത്. ഇൻസ്പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെ അറസ്റ്റ് ചെയ്തത്. 


സിഐ പി ആർ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിലും റിമാൻഡിലായ വ്യക്തിയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു.