കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും അതില്‍ യുജിസി ചട്ടം ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു.

കൊച്ചി: കേരള ഫിഷറീസ് ആന്റ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വി.സി ഡോ. റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്. വി.സി നിയമനത്തില്‍ മതിയായ യോഗ്യത പരിഗണിച്ചിട്ടില്ലെന്നും രാഷ്ട്രീയ പരിഗണനയാണെന്നും സേര്‍ച്ച് കമ്മിറ്റിയില്‍ വേണ്ടത്ര യോഗ്യതയില്ലാത്തവര്‍ ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരനായ ഡോ.കെ.കെ വിജയന്‍ കോടതിയെ സമീപിച്ചത്.
കുഫോസ് വി.സിക്ക് 10 വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ എല്ലാം ഹൈകോടതി പരിഗണിച്ചു. 2021 ജനുവരി 23നാണ് റിജി ജോണ്‍ നിയമിതനായത്. റിജി ജോണിന്റെ ഒരു പേര് മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ ശിപാര്‍ശയായി എത്തിയത്. ഇത് യുജിസി മാനദണ്ഡത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.
കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും അതില്‍ യുജിസി ചട്ടം ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു.
ഇനിയുള്ള നിയമനങ്ങളെല്ലാം യുജിസി ചട്ടപ്രകാരമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിയമനങ്ങളില്‍ ചട്ട ലംഘനം നടന്നുവെന്ന് വ്യക്തമാണ്. പുതിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വേണം നിയമനം നടത്താന്‍. കമ്മിറ്റിയില്‍ ചട്ടപ്രകാരമുള്ള അക്കാദമിക് നിലവാരമുള്ളവര്‍ വേണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സേര്‍ച്ച് കമ്മിറ്റിയില്‍ വന്ന ഒമ്പത് പേരുടെ പട്ടികയില്‍ ഒമ്പതാമനായിരുന്നു റിജി ജോണ്‍. ആറാം സ്ഥാനത്തുണ്ടായിരുന്ന ആളാണ് ഡോ. കെ.കെ വിജയന്‍.
നേരത്തെ സാങ്കേതിക സര്‍വകലാശാല വി.സിയായുള്ള ഡോ.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. യുജിസി മാനദണ്ഡം പാലിക്കാതെയുള്ള നിയമനങ്ങള്‍ നേടിയ വി.സിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ 11 വി.സിമാര്‍ക്ക് നേരത്തെ കാരണം നോട്ടീസ് നല്‍കിയിരുന്നു. ഇപ്രകാരം നോട്ടീസ് ലഭിച്ചവരില്‍ ഡോ.റിജി ജോണും ഡോ. രാജശ്രീയും ഉള്‍പ്പെട്ടിരുന്നു.
ഗവര്‍ണറുടെ നോട്ടീസിനെതിരെ വി.സിമാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് സുപ്രധാനമായ ഈ വിധി. വി.സി നിയമനത്തില്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നുള്ള ഈ വിധി.