മുതുകുളത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചയാളെ മൂന്നംഗ സംഘം ആക്രമിച്ചു, ഗുരുതര പരിക്ക്മുതുകുളത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചയാളെ മൂന്നംഗ സംഘം ആക്രമിച്ചു, ഗുരുതര പരിക്ക്

ആലപ്പുഴ: മുതുകുളത്ത് പഞ്ചായത്ത് വാർഡിലേക്കുള്ള  ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. ജി എസ് ബൈജുവിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ച് ബൈജുവിനെ മർദ്ദിച്ചു. ഇദ്ദേഹത്തിന്റെ കൈയ്യിലും കാലിനും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ ബിജെപി അംഗമായിരുന്നു ജി എസ് ബൈജു. ബിജെപി നേതൃത്വവുമായുളള  അഭിപ്രായ വ്യത്യാസത്തെ തുടർന്ന്  പഞ്ചായത്ത് അംഗത്വം രാജിവെച്ചിരുന്നു. തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബൈജു 487 വോട്ടും എൽഡിഎഫ് സ്ഥാനാർഥി മധുകുമാർ 384 വോട്ടും നേടി. ബിജെപി സ്ഥാനാർഥി ജയേഷ് ജനാർദ്ദന് തെരഞ്ഞെടുപ്പിൽ കിട്ടിയത് ആകെ 69 വോട്ട മാത്രമായിരുന്നു.

ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡുകളിൽ മൂന്നിലും ഇന്ന് ഫലം വന്നപ്പോൾ യുഡിഎഫാണ് വിജയിച്ചത്. പാണ്ടനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് വില്യാനൂർ 40 വോട്ടുകൾക്ക് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. ബിജെപി വിട്ട് സിപിഎമ്മിൽ വന്ന ആശ വി നായരായിരുന്നു സിപിഎം സ്വതന്ത്ര. 

പാലമേൽ പഞ്ചായത്തിലെ 11 ആം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷീജ ഷാജി 21 വോട്ടുകൾക്ക്  വിജയിച്ചു.  എഴുപുന്ന പഞ്ചായത്തിലെ നാലാം വാർഡിൽ എൽഡിഎഫ് സിറ്റിങ്ങ് സീറ്റ് നിലനിർത്തി. സിപിഎമ്മിന്റെ കെപി സ്മിനീഷ് 65 വോട്ടുകൾക്ക് വിജയിച്ചു. കാർത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി ഉല്ലാസ് 77 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാണ്ടനാട് ബിജെപിയുടെയും ആദിക്കാട്ടുകുളങ്ങരയിലും എൽഡിഎഫിൻ്റെയും സിറ്റിങ്ങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്