വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി


വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മന്ത്രി ശക്തമായി അപലപിച്ചു.  ന്യൂറോ സര്‍ജറി വിഭാഗത്തിലെ  റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം.  ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിൽ  കുമാറിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

തലച്ചോറിലെ മുഴയുമായി രണ്ടാഴ്ച മുന്പ് ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശി ശുഭ പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. ഈ സമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരണവിവരം  സെന്തിൽ കുമാറിനെ അറിയിച്ചു. വിവരം കേട്ടയുടനെ സെന്തിൽ കുമാര്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റിൽ ചവിട്ടിയെന്നാണ് പരാതി. അക്രമം കണ്ട് ഓടിയെത്തിയ മറ്റു രോഗികളുടെ കൂട്ടിരിപ്പുകരാണ് സെന്തിലിനെ പിടിച്ചു മാറ്റിയത്. അടിവയറ്റിൽ ചവിട്ടേറ്റ വനിതാ ഡോക്ടര്‍ ഇപ്പോൾ ചികിത്സയിലാണ്.