
തിരുവനന്തപുരം: ബാലരാമപുരത്ത് കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിൻ്റെ പിതാവിനെ ഓഡിറ്റോറിയത്തിൽ കയറി ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കോട്ടുകാൽ മന്നോട്ടുകോണം സ്വദേശികളായ അഭിജിത്ത്, രാഹുൽ, സന്ദീപ്, കുട്ടൂസൻ, വിവേക് എന്നിവർക്ക് എതിരെയും കണ്ടാൽ അറിയാവുന്ന മറ്റ് 15 പേർക്ക് എതിരെയുമാണ് ബാലരാമപുരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വധശ്രമം, അനാവശ്യമായി കൂട്ടം കൂടൽ, സംഘം ചേർന്ന് ആക്രമിക്കൽ, അസഭ്യം വിളിക്കൽ, മുതലുകൾ നശിപ്പിക്കൽ, ആക്രമിച്ച് പരിക്ക് ഏൽപ്പിക്കുക, ആയുധം കൊണ്ട് അക്രമം ഉൾപ്പടെ വിവിധ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിൽ പരിക്ക് പറ്റിയ വധുവിൻ്റെ പിതാവ് അനിൽകുമാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവ ശേഷം ഇതിൽ ചില പ്രതികൾ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബാലരാമപുരം സെൻ്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ വിവാഹ തലേന്ന് നടന്ന റിസപ്ഷനിൽ സംഘർഷം നടന്നത്. സംഭവത്തിൽ വധുവിൻ്റെ പിതാവ് ഉൾപ്പടെ മുപ്പതോളം പേർക്ക് പരിക്ക് പറ്റിയെന്നായിരുന്നു പരാതി.