ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച - ആദിവാസി വയോധികൻ്റെ മൃതദേഹം ആശുപത്രി വരാന്തയിൽ കിടന്നത് അഞ്ച് മണിക്കൂർ

ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച  - ആദിവാസി വയോധികൻ്റെ മൃതദേഹം  ആശുപത്രി വരാന്തയിൽ കിടന്നത്  അഞ്ച് മണിക്കൂർ  
 
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ചമൂലം  ആദിവാസി വയോധികൻ്റെ മൃതദേഹം  ആശുപത്രി വരാന്തയിൽ കിടന്നത്  5 മണിക്കൂറിലേറെ.  ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ താമസിക്കുന്ന മാധവൻ്റെ (64) മൃതദേഹമാണ് ആശുപത്രി അധികൃതർ വിട്ടു നൽകാത്തതിനെ തുടർന്ന് വരാന്തയിൽ കിടത്തിയത്. 
രാവിലെ കുഴഞ്ഞ് വീണതിനെ തുടർന്നാണ് മാധവനെ ആശുപത്രിയിൽ എത്തിക്കുന്നത്. ആദ്യം എടൂരിലെ സ്വകാര്യ ആശുപത്രിയിലും   പിന്നീട് അവിടെ നിന്നും ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും ആയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മാധവൻ മരണമടഞ്ഞു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി മൃതദേഹം വിട്ടു നൽകാനായി ആവശ്യപ്പെട്ടു.  ഇവിടെ നിന്നും പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് ആശുപത്രിയിൽ എത്തിയാൽ മാത്രമേ മൃതദേഹം വിട്ടു നൽകുകയുള്ളൂ എന്നുമാണ്  ആശുപത്രി അധികൃതർ ഇവരോട് പറഞ്ഞത്. എന്നാൽ രാവിലെ 11:30ന് ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകുന്നേരം 4, 30 ആയിട്ടും പോലീസ് സ്ഥലത്തെത്തിയില്ല.   തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആശുപത്രിയിൽ നിന്നും  പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചില്ലെന്ന് അറിയുന്നത്.  ആശുപത്രി അധികൃതർ ഇ മെയിൽ സന്ദേശമാണത്രേ സ്റ്റേഷനിലേക്ക്  അയച്ചത്.  
സംഭവമറിഞ്ഞ് എ കെ എസ് ജില്ലാ സെക്രട്ടറി കെ. മോഹനനും ആശുപത്രിയിൽ എത്തി.  പ്രതിഷേധം കനത്തതോടെയാണ് ആറളം പോലീസും ഇക്കാര്യം അറിയുന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് എത്താതെ തന്നെ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുകൊടുത്തു. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമായി നിൽക്കുന്ന മേഖലയാണ് ആറളം ഫാം.  ഇതുമൂലം  സംസ്കാര ചടങ്ങുകൾ വേഗം നടത്താനും കഴിഞ്ഞില്ല. ആദിവാസി വയോധികന്റെ മൃതദേഹം ആശുപത്രി വരാന്തയിൽ അഞ്ചുമണിക്കൂറോളം കിടത്താൻ ഇടയായ സംഭവത്തിൽ  മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുവാനാണ് പുനരധിവാസ മേഖലയിലെ  താമസക്കാരുടെ തീരുമാനം.