വയറ്റത്തടിച്ച് പാൽവിലയും: വ‍‌ർധനയിൽ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ

വയറ്റത്തടിച്ച് പാൽവിലയും: വ‍‌ർധനയിൽ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ


 

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില കൂടും. ലീറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോ​ഗത്തിൽ ഉണ്ടാകും. മിൽമ എട്ടു രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക.

അതേസമയം വില വർധനയുടെ നേട്ടം ക്ഷീര ക‍‌ർഷകർക്ക് കിട്ടുമോ എന്നതിൽ ഒരു ഉറപ്പും ഇല്ല. വില വർധനയുടെ നേട്ടം എല്ലായ്പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകർഷർ പറയുന്നുണ്ട്,.

നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപ. ഇപ്പോൾ 6 രൂപയാണ് കൂട്ടാൻ ധാരണയായത്. ഇതോടെ സംഭരണ വിതരണ വിലയിലെ അന്തരം 14 രൂപയ്ക്ക് മുകളിലാകും

മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്.സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് ആറ് രൂപ വർധന.
വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും.

കേരളത്തിൽ പ്രതിദിനം 16 ലക്ഷം ലിറ്റർ പാൽ വേണം. എന്നാൽ ഉൽപാദനം 13 ലക്ഷം ലിറ്റർ പാൽ മാത്രം ആണ്.ബാക്കി പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്തണം . സഹകരണ സംഘങ്ങൾക്ക് വിഹിതം കൊടുക്കണം.
വിതരണക്കാർക്കാവശ്യമായ കമ്മീഷൻ കൊടുക്കണം.ഇതാണ് വില വർധനക്ക് കാരണമായി മിൽമ നിരത്തുന്ന വാദങ്ങൾ

അതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് ക്ഷീരകർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കർഷകന് ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു. ഇത് കർഷകന്‍റെ കയ്യിൽ കിട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്