
- ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരാഴ്ച്ചത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ഡിസംബർ 30 വരെയാണ് ജാമ്യകാലാവധി. ഡിസംബർ 30 ന് തിരിച്ച് ഹാജരാകണം.
Also Read- തമിഴ്‌നാട്ടിൽ കരുണാനിധിയുടെ അടുത്ത തലമുറയും മന്ത്രിസഭയിലേക്ക്; ഉദയനിധി സ്റ്റാലിൻ മന്ത്രിയാകും
2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് 2020 സെപ്റ്റംബർ 13നാണ് ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. 53 പേർ കൊല്ലപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ ഖാലിദ് ആണെന്നാണ് ആരോപണം.
ഒക്ടോബർ 18ന് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി സ്പെഷ്യൽ ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനിഷ് ഭട്നാഗർ എന്നിവരടങ്ങിയ ബഞ്ചാണ് അന്ന് ജാമ്യാപേക്ഷ തള്ളിയത്.
Also Read- ‘ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം’; കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവനയിൽ അന്വേഷണം തുടങ്ങി
തുടർന്ന്, നവംബർ 18-ന് അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്തിന് മുന്നിൽ ഇടക്കാല ജാമ്യാപേക്ഷ നൽകി. മുതിർന്ന അഭിഭാഷകൻ ത്രിദീപ് പയസ് മുഖേനയാണ് അപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ അന്വേഷണം നടത്തിയെന്നും ഖാലിദിന്റെ സഹോദരിയുടെ വിവാഹം ഡിസംബറിൽ ഉറപ്പിച്ചിരിക്കുകയാണെന്നും അതിനാൽ ഇടക്കാല ജാമ്യം നൽകണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സുപ്രീംകോടതിയിൽ സിദ്ദിഖ് കാപ്പന്റെ കേസിന് സമാനമായ വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. മാധ്യമങ്ങളുമായോ പൊതുജനങ്ങളുമായോ ഉമർ ഖാലിദ് സംസാരിക്കില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു