വിദ്യാഭ്യാസ വായ്‌പ്പ എടുത്തവർക്കെതിരേ നടപടി ഗ്രാമീൺ ബാങ്കിൽ ചർച്ചക്കെത്തിയ ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ്

വിദ്യാഭ്യാസ വായ്‌പ്പ എടുത്തവർക്കെതിരേ  നടപടി 
ഗ്രാമീൺ ബാങ്കിൽ ചർച്ചക്കെത്തിയ  ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് 


ഇരിട്ടി: ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഉളിക്കല്‍ ശാഖാ മാനേജരും അസിസ്റ്റന്റ് മാനേജരും ഉള്‍പ്പെടെയുള്ള ജവീനക്കാര്‍ നല്‍കിയ കള്ളകേസ് പിന്‍വലിക്കണമെന്നും കേസുമായി മുന്‍പോട്ട് പോയാല്‍ അതിനെ നിയമപരമായി നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തിൽ  അറിയിച്ചു.
കേരള ഗ്രാമീണ ബാങ്ക് ഉളിക്കല്‍, മണിക്കടവ്, പേരട്ട ബ്രാഞ്ചുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ഭൂമി ജപ്തി നടപടി സ്വീകരിക്കുകയും നോട്ടീസ് ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത പ്രശ്‌നം ആം ആദ്മി പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ജപ്തി നടപടി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ മറ്റെല്ലാ ബാങ്കുകളും വിദ്യാഭ്യാസ വായ്പ മുതലില്‍ നിന്നു വരെ കുറവ് വരുത്ത് പ്രശ്‌നം പരിഹരിക്കുമ്പോള്‍ കേരള ഗ്രാമീണ്‍ ബാങ്ക് അമിത പലിശ ഈടാക്കുകയും ജപ്തി നടപടിയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.
സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് ഇതിനെതിരെ ഡിസംബര്‍ 2 ന് ബാങ്ക് ഉളിക്കല്‍ ശാഖയുടെ മുന്‍പില്‍ ധര്‍ണ നടത്തുവാന്‍ തീരുമാനിച്ചിരുന്നു. ഈ വിവരം ബാങ്ക് മാനേജരെ രേഖാമൂലം ഒന്നിന് ആം ആദ്മി പാര്‍ട്ടി ഉളിക്കല്‍ പഞ്ചായത്ത് കണ്‍വീനര്‍ പി.വി. ജോസഫ് അറിയിച്ചിരുന്നു. എന്നാല്‍ ധര്‍ണ ബാങ്കിന് അവമതിപ്പും അപകീര്‍ത്തിയും സല്‍പേരിന് കളങ്കവും ഉണ്ടാക്കുമെന്നും ധര്‍ണ നടത്താതെ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്നും മാനേജര്‍ ആവശ്യപ്പെട്ടു. ബാങ്കും നിലനില്‍ക്കണം കര്‍ഷകരും വേണം വായ്പ എടുത്ത എല്ലാവരും വായ്പാ തുകയും ന്യായമായ പലിശയും തിരിച്ചടക്കാന്‍ തയ്യാറാണെന്നും ബാങ്ക് അധികൃതരെ അറിയിച്ചു. ഇതുപ്രകാരം രണ്ടിന് ഭാരവാഹികള്‍ ബാങ്കില്‍ എത്തി മാനേജര്‍ പറഞ്ഞ പ്രകാരം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവരെ അറിയിച്ചു. എന്നാല്‍ തലേദിവസത്തിന് വിപരീതമായി ഞാന്‍ ആരുമായും ചര്‍ച്ചയ്ക്കില്ലെന്നും ഹെഡ് ഓഫീസില്‍ ബന്ധപ്പെടണമെന്നും മാനേജര്‍ അറിയിച്ചു. പ്രസ്തുത വിവരങ്ങള്‍ മീഡിയ കണ്‍വീനര്‍ മൊബൈലില്‍ പിടിച്ചപ്പോള്‍ ആരോട് ചോദിച്ചിട്ടാണ് അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതെന്ന് ചോദിച്ച് അസി. മാനേജര്‍ മാനേജരുടെ ക്യാബിനിലേക്ക് വരികയും പൊലീസില്‍ വിവരം അറിയിക്കുമെന്ന് പറഞ്ഞ് ബഹളം വച്ചപ്പോള്‍ ചര്‍ച്ചകൊണ്ട് കാര്യമില്ല എന്ന് മനസിലാക്കി ധര്‍ണ നടത്തുവാന്‍ തീരുമാനിച്ച് ഭാരവാഹികള്‍ തിരികെ പോരുകയും ചെയ്തു.
എന്നാല്‍ ഉളിക്കല്‍ പോലീസ് സ്റ്റേഷനില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസ് ഉണ്ടെന്ന് പറഞ്ഞ് നോട്ടീസ് നല്‍കുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും  കേസുമായി മുന്നോട്ട് പോയാല്‍ കേരള ഗ്രാമീണ ബാങ്കിന്റെ എല്ലാ ശാഖകള്‍ക്ക് മുന്‍പിലും ധര്‍ണയും ഉപവാസവും നടത്തുമെന്നും ഇരിക്കൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് കുര്യന്‍, സെക്രട്ടറി ഷാജി തെക്കേമുറി, ഉളിക്കല്‍ മണ്ഡലം കണ്‍വീനര്‍ പി.വി.ജോസഫ്, സെക്രട്ടറി ഷാജി പാറേമാക്കല്‍, അഴിമതിവിരുദ്ധ സെല്‍ കണ്‍വീനര്‍ ഷാജി പി.കെ., മീഡിയ കണ്‍വീനര്‍ ബിപിന്‍ കാലാങ്കി എന്നിവര്‍ പത്രസമ്മേളനത്തിൽ  അറിയിച്ചു.