വിഴിഞ്ഞം സമരം; സമവായമുണ്ടായതില്‍ സന്തോഷം, തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്ന് ആലഞ്ചേരി

വിഴിഞ്ഞം സമരം; സമവായമുണ്ടായതില്‍ സന്തോഷം, തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്ന് ആലഞ്ചേരി


കൊച്ചി: വിഴിഞ്ഞത്തെ സമവായം സന്തോഷകരമായ വാർത്തയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്നും ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഇനി തുറന്ന മനസോടെ സമവായം പ്രയോഗത്തിലെത്തിക്കണമെന്നും രണ്ട് കൂട്ടരും ധാരണയിൽ ഉറച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സഭയുടെ മാത്രം വിഷയമല്ലെന്നും ക്രൈസ്തവർക്കൊപ്പം മറ്റ് വിഭാഗങ്ങളുമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ ആയിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരിണം. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്.

വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.