അമ്മാവൻ സിൻഡ്രോം മാറണം': തരൂരിനെ തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്





കണ്ണൂർ: ശശി തരൂർ എംപിയെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. ഭ്രഷ്ട് കൊണ്ട് തരൂരിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും പ്രമേയത്തിൽ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത്. മാടായിപ്പാറയിൽ നടക്കുന്ന ചിന്തൻ ശിബിരത്തിലാണ് തരൂരിന് പിന്തുണയും നേതാക്കൾക്ക് വിമർശനവും ഉന്നയിച്ചു കൊണ്ടുള്ള സംഘടനാ പ്രമേയം പാസാക്കിയത്.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. ശശി തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.