ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ നോക്കി പെൺകുട്ടി, കമ്പിയിലെ പിടുത്തം പാളി; ട്രാക്കിലേക്ക് വീഴവെ രക്ഷകനായി മഹേഷ്

ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ നോക്കി പെൺകുട്ടി, കമ്പിയിലെ പിടുത്തം പാളി; ട്രാക്കിലേക്ക് വീഴവെ രക്ഷകനായി മഹേഷ്


കോഴിക്കോട്: ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീഴാൻ പോയ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് റെയിൽവേ പൊലീസ് ഹെഡ്കോൺസ്റ്റബിൾ വി പി മഹേഷ്. ഞായറാഴ്ച വൈകീട്ട് 5.40- ന് വടകര റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ എത്തി പുറപ്പെട്ടപ്പോൾ ബാഗുമായെത്തിയ പെൺകുട്ടി ഓടി കയറിയതായിരുന്നു. കമ്പിയിലെ പിടുത്തം വഴുതി താഴോട്ട് ഊർന്നിറങ്ങി ട്രാക്കിലേക്ക് വീഴവെയാണ് മഹേഷ് രക്ഷകനായെത്തിയത്.

പെൺകുട്ടി ട്രാക്കിലേക്ക് വഴുതി വീഴുന്നത് കണ്ട പ്ലാറ്റ്ഫോമിലെ യാത്രക്കാർ ബഹളം വെച്ചപ്പോളാണ് സന്തോഷ് സംഭവം ശ്രദ്ധിച്ചത്. പെൺകുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വച്ചാണ് മഹേഷ് സാഹസികമായി രക്ഷിച്ചത്. ഇതിനിടെ പെൺകുട്ടി വെപ്രാളത്തിൽ മഹേഷിന്‍റെ കഴുത്തിൽ കുട്ടി പിടിച്ചു. ഇതോടെ എത് സമയവും ഇരുവരും ട്രാക്കിലേക്ക് വീഴുമെന്ന് സ്ഥിതിയായി. മനസ്സാന്നിധ്യം ഉറപ്പിച്ച് ഉടൻ മഹേഷ് പെൺകുട്ടിയുമായി പ്ലാറ്റ്ഫോമിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്കുകളേറ്റങ്കിലും മംഗലാപുരത്ത് പഠിക്കുന്ന പെൺകുട്ടിയെ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിലാണ് പിണറായി സ്വദേശിയായ മഹേഷ് ഇപ്പോൾ.