തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം കൊലപ്പെടുത്തി തള്ളിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടി

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം കൊലപ്പെടുത്തി തള്ളിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടി.തൃക്കരിപ്പൂർ പൊറോപ്പാട് സ്വദേശികളായ അമീറലിയുടെ മകൻ മുഹമ്മദ് ഷബാസ്(22), അബ്ദുൾ റൗഫിൻ്റെ മകൻ മുഹമ്മദ് റഹ്നാസ്(23) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണൻ, എസ്.ഐ.എം.വി.ശ്രീ ദാസ് എന്നിവരുൾപ്പെട്ട പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പിടികൂടിയത്.മുഖ്യ പ്രതിയായ മുഹമ്മദ് ഷമ്മാസിൽ നിന്നും കൊല്ലപ്പെട്ട പ്രിയേഷിൻ്റെ മൊബെൽ ഫോൺ പോലീസ് കണ്ടെത്തി.കൂട്ടത്തിലുണ്ടായിരുന്ന സഫ്വാൻ (25) ഒളിവിലാണ് ഇയാൾക്കു വേണ്ടി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കൊല്ലപ്പെട്ട യുവാവിന് നേരത്തെ ചില സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിഞ്ഞുനോട്ടത്തിനിടെ ദൃശ്യങ്ങൾ മൊബെൽ പകർത്തിയെടുത്തുവെന്ന സംശയം ബലപ്പെട്ടതോടെയാണ് വീട്ടുകാരനായ മുഹമ്മദ് ഷമ്മാസ് പാതിരാത്രിയിൽ സഹായികളെ വിളിച്ചു വരുത്തി പ്രിയേഷിനെ പിടികൂടി മർദ്ദിച്ചത്.കടുത്ത മർദ്ദനത്തെ തുടർന്ന് യുവാവ് മരണപ്പെട്ടതോടെയാണ് വീടിന് സമീപം ആളൊഴിഞ്ഞ വയലിൽ മൃതദേഹം ബൈക്കിൽ ഇരുത്തികൊണ്ടു വന്ന് തള്ളിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

വീടുകളിൽ ഒളിഞ്ഞുനോട്ടത്തിനെത്തിയ യുവാവിനെയാണ് സംഘം മർദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തിയത്.ഇന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ സംഭവസ്ഥലം സന്ദർശിച്ച ശേഷം നിർണ്ണായക തെളിവുകൾ പോലീസ് ശേഖരിക്കും.പയ്യന്നൂരിൽ പ്രവർത്തിക്കുന്ന കുപ്പിവെള്ള വിതരണ സ്ഥാപനത്തിലെ ജീവനക്കാരനും വയലോടിയിലെ കൊടക്കൽ കൃഷ്ണൻ – അമ്മിണി ദമ്പതികളുടെ മകനുമായ പ്രിയേഷിനെ (35)യാണ് കഴിഞ്ഞ ദിവസം വീടിന് നൂറ് മീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ ഇയാളുടെ മൃതദേഹത്തിന് സമീപം കെ.എൽ.60. എസ്. 1736 നമ്പർ ബൈക്കും നിർത്തിയിട്ട നിലയിലായിരുന്നു
വീടിന് സമീപത്തെ പാലത്തിന്നരികിൽ ഷർട്ട് നീക്കം ചെയ്ത നിലയിൽ കാണപ്പെട്ട മൃതദേഹം ചെളി പുരണ്ട നിലയിലായിരുന്നു. കൊലപാതകമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തപ്പെട്ടു.

ജഡത്തിൽ ഒന്നിൽ കൂടുൽ മുറിവുകളുണ്ടായിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ യുവാവിനെ ബൈക്കിൽ കയറ്റി കൊണ്ടുവന്ന് വീടിന് സമീപം പുലർച്ചെ 5.45 ഓടെ തള്ളുകയായിരുന്നു. രാത്രിയിൽമകൻ വീട്ടിലെത്താൻ വൈകിയതിനാൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണി വരെ മാതാവ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽഒരു മണിക്ക് ശേഷം പ്രിയേഷിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നതായി പോലീസിന് മൊഴി നൽകിയിരുന്നു.